“ഈ പാട്ടും യുദ്ധവും എല്ലാം അവളെ മറക്കാൻ..”; അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്‌ത്‌ വിസ്‌മയിപ്പിച്ച് ചിയാൻ വിക്രം, വൈറലായി പൊന്നിയിൻ സെൽവന്റെ ഡബ്ബിങ് വീഡിയോ

July 13, 2022

രാവണൻ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം പ്രശസ്‍ത സംവിധായകൻ മണി രത്നവും നടൻ വിക്രവും ഒരുമിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.’ രാവണനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ റായ് തന്നെയാണ് പൊന്നിയിൻ സെൽവനിലും നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒരു ചിത്രത്തിനായി ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. നടൻ വിക്രം തന്നെയാണ് തന്റെ കഥാപാത്രത്തിന് വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്‌തിരിക്കുന്നത്‌. ഇപ്പോൾ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു ഡയലോഗ് വിക്രം അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നതിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്. മണിരത്‌നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ. ഒടുവിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിന്നു. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

Read More: ‘താനോസിനെ പോലെ സന്തനം, റോളക്‌സ് കിക്ക് ആസ്’; വിക്രത്തിന് പ്രശംസയുമായി അൽഫോൻസ് പുത്രൻ

Story Highlights: Ponniyin selvan vikram dubbing video