മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം എപ്പോഴും കൂടെവേണം, വ്യത്യസ്തമാർഗം തേടി മകൾ- ഹൃദയംതൊട്ട് വിഡിയോ
പ്രിയപെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന വേദന നമുക്ക് ചിന്തിക്കാവുന്നതിലും എത്രയോ അപ്പുറമാണ്. ഇനി ഒരിക്കലും കാണാൻ കഴിയാത്തവർക്ക് വേണ്ടി അവരുടെ ഓർമകളിൽ മാത്രം ജീവിക്കേണ്ടി വരുക- ഇത് തികച്ചും വേദനാജനകം തന്നെ. ഇപ്പോഴിതാ മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം തനിക്കൊപ്പം എപ്പോഴും ഉണ്ടെന്ന് ഉറപ്പാക്കാൻ ഒരു മകൾ ചെയ്ത കാര്യമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അച്ഛൻ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ ഷർട്ടുകൾ എല്ലാം ഉപയോഗിച്ച് ഒരു ബ്ലാങ്കറ്റ് തുന്നിയൊരുക്കിയിരിക്കുകയാണ് ഈ മകൾ. നിഖിത ഖിനി എന്ന പെൺകുട്ടിയാണ് തന്റെ അച്ഛന്റെ ഓർമകൾക്കായി അച്ഛന് പ്രിയപ്പെട്ട നിറങ്ങൾ ഉള്ള ഷർട്ടുകൾ ഉപയോഗിച്ച് ബ്ലാങ്കറ്റ് ഒരുക്കിയത്.
അടുത്തിടെ നിഖിത തന്നെയാണ് ഈ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. അതേസമയം അച്ഛന്റെ മരണശേഷം അച്ഛന്റെ വസ്ത്രങ്ങൾ ബ്ലാങ്കറ്റ് നിർമിക്കുന്ന ഒരു കമ്പനിയ്ക്ക് അയച്ചുകൊടുത്ത നിഖിത അവരുടെ സഹായത്തോടെയാണ് ഈ ബ്ലാങ്കറ്റ് ഒരുക്കിയത്. എന്നാൽ അച്ഛൻ മരിച്ച് രണ്ടു വർഷത്തിന് ശേഷമാണ് നിഖിത അച്ഛന്റെ ഷർട്ടുകൾ ഉപയോഗിച്ച് ബ്ലാങ്കറ്റ് ഒരുക്കിയത്. കഴിഞ്ഞ ഫാദേഴ്‌സ് ഡേയിലാണ് ഈ ബ്ലാങ്കറ്റിന്റെ ദൃശ്യങ്ങൾ നിഖിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അതേസമയം ഈ വിഡിയോയിൽ അച്ഛന്റെ വസ്ത്രങ്ങൾ ബ്ലാങ്കറ്റ് നിർമിക്കുന്നവർക്ക് അയച്ചുകൊടുക്കുന്നത് മുതൽ അത് തിരികെ ബ്ലാങ്കറ്റ് ആയി ലഭിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് പുറമെ നിഖിതയുടെ അച്ഛനെയും ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്. എന്തായാലും ഈ മകൾക്ക് അച്ഛനോടുള്ള സ്നേഹം കാണിക്കുന്ന വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ കാഴ്ച ഏറെ വേദനാജനകമാണ് എന്നും നിറകണ്ണുകളോടെയല്ലാതെ ഇത് കാണാനാകില്ല എന്നുമാണ് പലരും ഈ വിഡിയോക്കൊപ്പം കുറിയ്ക്കുന്നത്.
Story highlights: QUILT MADE FROM HER LATE FATHER’S OLD SHIRTS- VIDEO GOES TRENDING