ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ മേക്കിങ് വിഡിയോ
ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിച്ച ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ കോടികൾ കളക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ വിഎഫ്എക്സ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തർ.
ചിത്രത്തിന്റെ ക്ലൈമാക്സിൽ കാണിക്കുന്ന വനത്തിൽ വെച്ചുനടക്കുന്ന സംഘട്ടന രംഗങ്ങളുടെ വി എഫ് എക്സ് വിഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ജൂനിയർ എൻടിആർ എടുത്തുയർത്തുന്ന ബുള്ളറ്റ് ഉൾപ്പെടെയുള്ളവയുടെ ചിത്രീകരണ വിഡിയോയാണ് പുറത്തുവന്നത്. സിനിമയുടെ വിഎഫ്എക്സ് നിർവഹിച്ചത് വി ശ്രീനിവാസാണ്.
Read also: ചടുലമായ നൃത്തച്ചുവടുകളുമായി കമൽ ഹാസൻ; താരത്തിന്റെ ആലാപനത്തെയും ഏറ്റെടുത്ത് ആരാധകർ
അതേസമയം 1920 കാലഘട്ടം പ്രമേയമാക്കിയാണ് ആർആർആർ ഒരുക്കിയത്. അല്ലുരീ സീതാരാമ രാജു, കോമരം ഭീം എന്നീ സ്വതന്ത്ര സമര സേനാനിയുടെ കഥയാണ് സിനിമ പറഞ്ഞത്. ജൂനിയർ എൻ ടി ആർ കോമരം ഭീം എന്ന കഥാപാത്രത്തെയും അല്ലുരീ സീതാരാമ രാജുവിന്റെ വേഷത്തിൽ രാം ചരണും എത്തുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദവും ആക്ഷൻ രംഗങ്ങളിലെ ഇരുവരുടെയും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളും പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിച്ചിരുന്ന ഘടകമാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിച്ചത്.
രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്നതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ‘ബാഹുബലി’യെ ഏറ്റെടുത്ത പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്.
Story highlights: rrr vfx making video goes trending