ചടുലമായ നൃത്തച്ചുവടുകളുമായി കമൽ ഹാസൻ; താരത്തിന്റെ ആലാപനത്തെയും ഏറ്റെടുത്ത് ആരാധകർ

July 2, 2022

കമൽ ഹാസൻ മുഖ്യകഥാപാത്രമായി എത്തിയ ‘വിക്രം’ എന്ന ചിത്രത്തെ ഹൃദയം കൊണ്ടേറ്റെടുത്തതാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘പത്തല പത്തല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും കമൽ ഹാസൻ തന്നെയാണ്. താരത്തിന്റെ ചടുലമായ നൃത്തചുവടുകളാണ് പാട്ടിലെ മുഖ്യാകർഷണം. അസാമാന്യ മെയ്‌വഴക്കത്തോടെയാണ് താരം നൃത്തം ചെയ്യുന്നത്. ഫാസ്റ്റ് നമ്പറായി ഒരുക്കിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ രവിചന്ദറാണ്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. കമൽഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ ഫഹദ് ഫാസിലും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഒപ്പം അതിഥി വേഷത്തിൽ ചിത്രത്തിൽ സൂര്യയും എത്തിയത് ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി.

മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിക്രം ജൂണ്‍ 3 മുതലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്, ജൂലൈ എട്ട് മുതൽ ഡിസ്‌നി ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. വിക്രം പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും സംവിധായകൻ നല്കിയിട്ടുണ്ട്.  സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

Read also: ക്ലാസ് മുറിയിലൊരു കുട്ടി മാജിക്; സുഹൃത്തുക്കൾക്കിടയിൽ താരമായി കുഞ്ഞുമിടുക്കൻ

കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അതേസമയം റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ ബോക്സോഫീസ് കളക്ഷൻ 300 കോടിക്ക് മുകളിലായിരുന്നു.

Story highlights; Kamal Haasan Vikram video song goes trending