“കുട്ടിക്കാലത്ത് സച്ചിന് കത്തയച്ചു, മറുപടിയും വന്നു..”; രസകരമായ ഓർമ്മ പങ്കുവെച്ച് സംയുക്ത മേനോൻ
ഇന്ത്യക്കാരുടെ അഭിമാനമാണ് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. കായിക ലോകത്തെ ഇതിഹാസമാണ് സച്ചിൻ. താരത്തോട് ആരാധന തോന്നാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ഒരു കാലത്ത് ക്രിക്കറ്റ് ദൈവമെന്നാണ് ആരാധകർ സച്ചിനെ വിളിച്ചിരുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും സച്ചിൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു.
സച്ചിന്റെ കടുത്ത ആരാധികയാണ് നടി സംയുക്ത മേനോൻ. ഇപ്പോൾ താരത്തോടുള്ള തന്റെ ആരാധനയെ പറ്റി അറിവിന്റെ വേദിയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് സംയുക്ത. ഒപ്പം കുട്ടിക്കാലത്ത് സച്ചിന് കത്തെഴുതിയ ഓർമ്മയും താരം വേദിയിൽ പങ്കുവെച്ചു.
താനും കസിനും ഒരുമിച്ച് ചേർന്നാണ് കത്തെഴുതിയതെന്നാണ് സംയുക്ത പറഞ്ഞത്. വളരെ വിശദമായി എഴുതിയ ഒരു നീണ്ട കത്തായിരുന്നു അതെന്നും താരം ഓർത്തെടുത്തു. പിന്നീട് അതേ പറ്റി മറന്നുവെന്നും സംയുക്ത കൂട്ടിച്ചേർത്തു.
കുറച്ചു നാളിന് ശേഷം കത്തിന് മറുപടി വന്നുവെന്നാണ് സംയുക്ത പറയുന്നത്. സച്ചിന്റെ ഓട്ടോഗ്രാഫോട് കൂടിയാണ് കത്തിന് മറുപടി വന്നത്. അച്ഛമ്മയുടെ വീട്ടിൽ അവധിക്ക് വന്നപ്പോഴാണ് താരം കസിനോടൊപ്പം കത്തെഴുതുന്നത്. പിന്നീട് ഏഴ് വർഷത്തോളം അച്ഛമ്മയുടെ വീട്ടിലേക്ക് പോകാൻ തനിക്ക് കഴിഞ്ഞില്ലെന്നും വർഷങ്ങൾക്ക് ശേഷം വീട്ടിൽ എത്തിയപ്പോഴേക്കും കത്ത് നഷ്ടമായി പോയിരിന്നുവെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് ഒരുപാട് വിഷമമായ ഒരു സംഭവമായിരുന്നു ഇതെന്നും സംയുക്ത അറിവിന്റെ വേദിയിൽ തുറന്ന് പറഞ്ഞു.
അതേ സമയം സംയുക്ത നടൻ പൃഥ്വിരാജിനെ പറ്റി വേദിയിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. പൃഥ്വിരാജ് ഒരു സഞ്ചരിക്കുന്ന ഫിലിം സ്കൂളാണെന്നാണ് സംയുക്ത പറഞ്ഞത്. സിനിമയുടെ എല്ലാ മേഖലകളെ കുറിച്ചും പൃഥ്വിക്ക് വലിയ അറിവുണ്ടെന്നും കടുവയുടെ ചിത്രീകരണ സമയത്ത് തന്നെ ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രൊഡക്ഷനിലും എമ്പുരാന്റെ സ്ക്രിപ്റ്റിംഗിലും താരം വർക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നും സംയുക്ത കൂട്ടിച്ചേർത്തു.
Story Highlights: Samyuktha menon about writing a letter to sachin