മിന്നൽ സേവുമായി സഞ്ജു; ഇന്ത്യൻ വിജയത്തിൽ നിർണായക പ്രകടനവുമായി വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ

July 23, 2022

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് ഇന്ത്യൻ ടീം നേടിയത്. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തുകയും ചെയ്‌തു.

ഇപ്പോൾ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിനെ ആരാധകർ പ്രശംസ കൊണ്ട് മൂടുകയാണ്. ബാറ്റ് ചെയ്‌തപ്പോൾ മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു കാട്ടിയ മികവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ സഞ്ജു ഡൈവ് ചെയ്‌തു നടത്തിയ ഒരു മികച്ച സേവാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. അക്കീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡുമായിരുന്നു വിൻഡീസിനായി ക്രീസിലുണ്ടായിരുന്നത്. ആദ്യ പന്തിൽ അക്കീലിന് റൺസൊന്നും എടുക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ പന്തിൽ താരം ഒരു റണ്ണെടുത്ത് റൊമാരിയോ ഷെപ്പേര്‍ഡിന് സ്ട്രൈക്ക് കൈമാറുകയായിരുന്നു. മൂന്നാം പന്തിൽ ബൗണ്ടറി നേടിയ റൊമാരിയോ തൊട്ടടുത്ത പന്തിൽ രണ്ട് റൺ ഓടിയെടുത്ത് സ്ട്രൈക്ക് കൈമാറാതെ നിന്നു.

അതിന് ശേഷമായിരുന്നു മത്സരത്തിലെ ഏറ്റവും നിർണായകമായ അഞ്ചാം പന്ത് സിറാജ് എറിഞ്ഞത്. താരം എറിഞ്ഞ പന്ത് വൈഡ് ആവുകയായിരുന്നു. പന്ത് ബൗണ്ടറിയിലേക്ക് പോകും എന്ന് ആരാധകർ ഉറപ്പിച്ച നിമിഷത്തിലാണ് സഞ്ജു ഡൈവ് ചെയ്‌ത്‌ പന്ത് തട്ടിയിടുന്നത്. മിന്നൽ സേവിലൂടെ നിർണായകമായ നാല് റൺസാണ് താരം വിൻഡീസിൽ നിന്ന് പിടിച്ചു വാങ്ങിയത്.

Read More: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

തൊട്ടടുത്ത പന്തിൽ സിറാജ് വീണ്ടും രണ്ട് റൺസ് വഴങ്ങിയതോടെ അവസാന പന്തിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസായിരുന്നു. എന്നാൽ അവസാന പന്തിൽ റൊമാരിയോയ്ക്ക് സിംഗിൾ എടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ ഇന്ത്യ മത്സരത്തിൽ മൂന്ന് റൺസിന്റെ വിജയം നേടുകയായിരുന്നു. സഞ്ജു സേവ് ചെയ്‌ത നാല് റൺസാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

Story Highlights: Sanju samson plays a crucial role in win against west indies