കടുവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവും; കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരങ്ങളിലൊരാൾ, പ്രതീക്ഷകൾ പങ്കുവെച്ച് ഷാജി കൈലാസ്

July 9, 2022

വലിയ കാത്തിരിപ്പിനൊടുവിലാണ് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം ‘കടുവ’ തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ നിന്ന് വന്ന ലക്ഷണമൊത്ത ഒരു മാസ്സ് ആക്ഷൻ സിനിമയാണ് ചിത്രമെന്നാണ് സിനിമ പ്രേക്ഷകർ പറയുന്നത്.

അന്യഭാഷ ചിത്രങ്ങളുടെ വമ്പൻ വിജയം മലയാള സിനിമ ഇന്ഡസ്ട്രിക്ക് നൽകിയ തിരിച്ചടിക്ക് ഒരു പരിഹാരമായി കൂടി കടുവയുടെ റിലീസ് മാറിയെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ പറയുന്നത്. വലിയ രീതിയിൽ ആളുകളെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ് കടുവ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

കടുവയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഒരു പ്രസ്സ് മീറ്റിൽ നേരത്തെ തന്നെ പൃഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കടുവയിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ കഥ ഇതിലും മാസ്സാണെന്നും മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളായ മോഹൻലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ അത് ചെയ്‌താൽ അതിഗംഭീരമാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Read More: സമ്മാനപൊതിയുമായി രജനികാന്ത്, നയൻതാരയെ ചേർത്തുപിടിച്ച് ഷാരൂഖ് ഖാൻ- ഹൃദ്യം ഈ ചിത്രങ്ങൾ

ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും. കുര്യച്ചന്റെ പിതാവിന്റെ കഥ ഉറപ്പായും സിനിമയാവുമെന്നും മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഷാജി കൈലാസ് പ്രതീക്ഷ പ്രകടിപ്പിച്ചു. അൻപതുകളിലെയും അറുപതുകളിലെയും കേരളത്തിലെ കുടിയേറ്റത്തിന്റെ ചരിത്രം കൂടിയായിരിക്കും സിനിമ പറയുകയെന്നും ജിനു എബ്രഹാം പറഞ്ഞു.

Story Highlights: Shaji kailas confirms kaduva prequel