‘കണ്ണിൽ കണ്ണിൽ..’- ഉള്ളുതൊട്ട് ‘സീതാ രാമം’ സിനിമയിലെ പ്രണയഗാനം

July 19, 2022

ജനപ്രിയ നടൻ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സീതാ രാമത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ്. മൃണാൽ താക്കൂറിനൊപ്പമാണ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം 2022 ഓഗസ്റ്റ് 5 ന് ബിഗ് സ്‌ക്രീനുകളിൽ എത്തും. കൂടാതെ റിലീസിന് മുന്നോടിയായി നിരവധി ഗാനങ്ങൾ ചിത്രത്തിൽനിന്നും പുറത്തെത്തിയിരുന്നു. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ട്രാക്ക് എത്തിയിരിക്കുകയാണ്. ദുൽഖർ സൽമാനും മൃണാൽ താക്കൂറിന്റെ കഥാപാത്രവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ഈ പുതിയ ഗാനം.

ദുൽഖർ സൽമാന്റെയും മൃണാൽ താക്കൂറിന്റെയും മനോഹരമായ കെമിസ്ട്രിയാണ് പ്രണയത്തിന്റെ ട്രാക്കിൽ വേറിട്ടുനിൽക്കുന്നത്. അനുരാഗ് കുൽക്കർണി, സിന്ദൂരി എസ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം, മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

കാശ്മീരില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Read Also: കവയത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികം; ആദരവ് പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ

അതേസമയം, മലയാളികളുടെ സ്റ്റൈൽ ഐക്കണായ ദുൽഖർ സൽമാൻ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ച ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ താരമായി വളരുകയാണ്. ബോളിവുഡ് ലോകത്ത് സിനിമാതാരങ്ങൾക്കിടയിൽ തന്നെ ദുൽഖർ സൽമാന് ഒട്ടേറെ ആരാധകർ ഉണ്ട്.

Story highlights- sita ramam romantic song out now