പ്രണയനായകനായി ദുൽഖർ സൽമാൻ; ‘സീതാ രാമം’ ട്രെയ്‌ലർ

July 25, 2022

മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. ചിത്രത്തിൽ ദുൽഖർ സൽമാന് പുറമെ മൃണാൾ താക്കൂർ, രശ്‌മിക മന്ദാന എന്നിവരും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ, റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

കാശ്മീരില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Read Also: മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

അതേസമയം, മലയാളികളുടെ സ്റ്റൈൽ ഐക്കണായ ദുൽഖർ സൽമാൻ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ച ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ താരമായി വളരുകയാണ്. ബോളിവുഡ് ലോകത്ത് സിനിമാതാരങ്ങൾക്കിടയിൽ തന്നെ ദുൽഖർ സൽമാന് ഒട്ടേറെ ആരാധകർ ഉണ്ട്.

Story highlights- sita ramam trailer