അപർണ ബാലമുരളിയുടെ ‘സുന്ദരി ഗാർഡൻസി’ലെ ആദ്യ ഗാനം റിലീസ് ചെയ്‌തു; കേന്ദ്ര കഥാപാത്രമായി നീരജ് മാധവും

July 29, 2022

അപർണ ബാലമുരളിയും നീരജ് മാധവും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘സുന്ദരി ഗാർഡൻസ്.’ നവാഗതനായ ചാർളി ഡേവിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ സലിം അഹമ്മദാണ്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. “മധുര ജീവ രാഗം..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ജോ പോൾ രചന നിർവഹിച്ചിരിക്കുന്ന മനോഹരമായ ഈ ഗാനം മൃദുല വാര്യരാണ് ആലപിച്ചിരിക്കുന്നത്. അൽഫോൻസാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

അതേ സമയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അപർണ ബാലമുരളി ആയിരുന്നു. ‘സൂരരൈ പൊട്രു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അപർണ പുരസ്‌ക്കാരത്തിനർഹയായത്. വലിയ പ്രശംസയാണ് താരത്തിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് നേരത്തെ തന്നെ അപർണയ്ക്ക് വലിയ കൈയടി ലഭിച്ചിരുന്നു.

നേരത്തെ അവാർഡ് പ്രഖ്യാപനത്തിന് മുൻപുള്ള അപർണയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള താരത്തിന്റെ കുറച്ചു നിമിഷങ്ങളാണ് വിഡിയോയിൽ കാണുന്നത്. അവാർഡിനെ പറ്റി ടെൻഷനടിച്ചാണ് അപർണ ഇരിക്കുന്നത്. ഗായകൻ സിദ്ധാർഥ് മേനോൻ അടക്കമുള്ള സുഹൃത്തുക്കൾ തമാശ പറഞ്ഞ് അപർണയുടെ ടെൻഷൻ മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. സിദ്ധാർഥ് തന്നെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Read More: കടുവ ദിനത്തിൽ ചിത്രം പങ്കുവെച്ച് മമ്മൂട്ടി; നിങ്ങളാണ് യഥാർത്ഥ കടുവയെന്ന് ആരാധകർ

സിദ്ധാർഥും അപർണയും അഭിനയിക്കുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിഡിയോ എടുത്തിരിക്കുന്നത്. അവാർഡ് പ്രഖ്യാപിക്കുമ്പോൾ അപർണ സിനിമയുടെ സെറ്റിലായിരുന്നു. സെറ്റിൽ സിദ്ധാർഥ് അടക്കമുള്ളവർ അപർണയെ അനുമോദിച്ച് നടത്തിയ വിജയാഘോഷങ്ങളുടെ വിഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Story Highlights: Sundari gardens lyrical video song