“20 മിനുട്ട് മതി, എല്ലാത്തിനും പരിഹാരമുണ്ടാക്കാം..”; കോലിയെ സഹായിക്കാൻ തയ്യാറെന്ന് സുനിൽ ഗവാസ്ക്കർ
വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ബാറ്റിങ്ങിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ മുൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല. കോലി ആരാധകരും വലിയ നിരാശയിലാണ്. തന്റെ ക്രിക്കറ്റ് കരിയറിൽ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോലി കടന്ന് പോയി കൊണ്ടിരിക്കുന്നത്.
ഇപ്പോൾ കോലിക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. കോലിക്കൊപ്പം തനിക്ക് വേണ്ടത് ഒരു 20 മിനുട്ടാണെന്നും അതിനുള്ളിൽ കോലിയുടെ എല്ലാ ബാറ്റിംഗ് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്നും പറഞ്ഞിരിക്കുകയാണ് ഗവാസ്ക്കർ. ബാറ്റിങ്ങിൽ കോലി നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തനിക്ക് മനസ്സിലായിട്ടുണ്ടെന്നും താൻ നൽകുന്ന ഉപദേശങ്ങൾ ഉറപ്പായും കോലിയെ തിരികെ ഫോമിലേക്കെത്തിക്കുമെന്നും ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഗവാസ്ക്കർ പറഞ്ഞു.
തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഒട്ടും ഫോമിലല്ലാത്ത താരം വലിയ വിമർശനങ്ങളാണ് ആരാധകരിൽ നിന്നും നിരവധി മുൻ താരങ്ങളിൽ നിന്നും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. കോലി പ്രതിഭാധനരായ ഒട്ടേറെ യുവതാരങ്ങളുടെ ടീമിലേക്കുള്ള പ്രവേശനത്തിന് തടസ്സമായി നിൽക്കുകയാണെന്നും അതിനാൽ തന്നെ തൽക്കാലം മാറി നിൽക്കണമെന്നുമാണ് പല മുൻ താരങ്ങളും അഭിപ്രായപ്പെടുന്നത്.
Read More: ഷാംപെയ്ൻ ആക്രമണവുമായി കോലിയും ധവാനും, ‘രക്ഷപ്പെടാൻ’ കഴിയാതെ രോഹിത്- വൈറലായി ടീം ഇന്ത്യയുടെ വിജയാഘോഷം
എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കോലിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എല്ലാ താരങ്ങളുടെ കരിയറിലും ഉയർച്ച താഴ്ച്ചകൾ ഉണ്ടാവുമെന്നും ഒരുപാട് നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു താരത്തിന്റെ ഭാവി ഒന്നോ രണ്ടോ പരമ്പരയിലെ മോശം പ്രകടനം കൊണ്ട് നിർണയിക്കപ്പെടുകയില്ലെന്നുമാണ് കോലിയെ പിന്തുണച്ച് രോഹിത് പറഞ്ഞത്.
Story Highlights: Sunil gavaskar offers help for virat kohli