കാൻസറിനെതിരെ പോരാടുന്ന രണ്ട് കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിച്ച് ബെംഗളൂരു പോലീസ്- ഉള്ളുതൊട്ട അനുഭവം

July 24, 2022

സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ എല്ലാവരിലും സന്തോഷവും സംതൃപ്തിയും നിറയും. ഒരു ചെറിയ നിമിഷത്തേക്കെങ്കിലും ആ സന്തോഷത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇപ്പോഴിതാ, ബെംഗളൂരുവിൽ നിന്നും അത്തരമൊരു അനുഭവം ശ്രദ്ധനേടുകയാണ്. ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസാണ് ഈ അനുഭവത്തില് താരങ്ങൾ.

പോലീസ് ഓഫീസറാകാനുള്ള രണ്ടു ചെറിയ ആൺകുട്ടികളുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ബെംഗളൂരു പോലീസ്. ഹൃദയസ്പർശിയായ കഥയാണ് ഈ സംഭവത്തിന് പിന്നിലുള്ളത്. മലയാളിയായ മുഹമ്മദ് സൽമാനും ബെംഗളൂരുവിൽ നിന്നുള്ള മിഥിലേഷും ഗുരുതരാവസ്ഥയിൽ കാൻസറുമായി പോരാട്ടത്തിലാണ്. പോലീസ് ഓഫീസർ ആകുക എന്നതായിരുന്നു ഇരുവരുടെയും സ്വപ്നം.

ഇപ്പോഴിതാ അവരുടെ ആഗ്രഹം ഹൃദയസ്പർശിയായ രീതിയിൽ സാധിച്ചു നൽകിയിരിക്കുകയാണ് ബെംഗളൂരു പോലീസ്. ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസ് അവരെ ഏതാനും മണിക്കൂറുകൾ ഡിസിപി (ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ) ആക്കി. ഇരുവരും യൂണിഫോം ധരിച്ച് ഡിസിപി ഓഫീസിൽ ഇരിക്കുകയും ചെയ്തു.

Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

സൗത്ത്-ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സികെ ബാബ ട്വിറ്ററിൽ ഇതിന്റെ പോസ്റ്റ് ഷെയർ ചെയ്തു. ‘ കഠിനമായ രോഗത്തോട് പൊരുതുന്ന ധൈര്യശാലികളായ കുട്ടികൾ, അവരുടെ ആഗ്രഹം സഫലമാക്കുന്നതിൽ ഞങ്ങൾ ഒരു ചെറിയ പങ്ക് വഹിച്ചു, ഏതാനും മണിക്കൂറുകൾ മാത്രം. അവരുടെ സന്തോഷവും സംതൃപ്തിയും പരിധിയില്ലാത്തതാണ്’. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ഐപിഎസ് ഉദ്യോഗസ്ഥനായ സികെ ബാബയുടെ പോസ്റ്റ് ഏറെ ശ്രദ്ധ നേടി. ഇത് ഒട്ടേറെ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുകയും പോലീസ് ഡിപ്പാർട്ട്‌മെന്റിന് അഭിനന്ദനം നേടികൊടുക്കുകയും ചെയ്തു.

Story highlights- Two boys fighting cancer got their dream fulfilled by the Bengaluru police