‘കോലിയെ സഹായിക്കാൻ രണ്ട് താരങ്ങൾക്ക് കഴിയും’; കോലിക്ക് ഉപദേശവുമായി മുൻ താരം

July 16, 2022

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം ഫോമിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഒട്ടും ഫോമിലല്ലാത്ത താരം വലിയ വിമർശനങ്ങളാണ് ആരാധകരിൽ നിന്നും നിരവധി മുൻ താരങ്ങളിൽ നിന്നും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. കോലി പ്രതിഭാധനരായ ഒട്ടേറെ യുവതാരങ്ങളുടെ ടീമിലേക്കുള്ള പ്രവേശനത്തിന് തടസ്സമായി നിൽക്കുകയാണെന്നും അതിനാൽ തന്നെ തൽക്കാലം മാറി നിൽക്കണമെന്നുമാണ് മുൻ താരങ്ങൾ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ രണ്ട് മുൻ ഇന്ത്യൻ താരങ്ങളോട് സംസാരിച്ചാൽ കോലിക്ക് ഫോമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻ താരം മോണ്ടി പനേസർ. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെന്‍ഡുല്‍ക്കറിനും സൂപ്പർ താരം യുവരാജ് സിംഗിനും കോലിയെ സഹായിക്കാൻ കഴിയുമെന്നാണ് പനേസർ പറയുന്നത്.

സച്ചിനും യുവരാജ് സിംഗും കരിയറിൽ സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. നീണ്ട കാലങ്ങളോളം ഫോമില്ലായ്‌മയ്ക്ക് വിമർശനങ്ങൾ നേരിട്ട ഇരു താരങ്ങളും ഗംഭീരമായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. അത് കൊണ്ടാണ് ഇരു താരങ്ങൾക്കും കോലിയെ സഹായിക്കാൻ കഴിയുമെന്ന് പനേസർ അഭിപ്രായപ്പെടുന്നത്. കോലി ഈ ഘട്ടത്തിൽ സച്ചിന്റെ ഉപദേശം തേടണമെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജയും അഭിപ്രായപ്പെട്ടിരുന്നു.

Read More: പന്ത് തട്ടി പരിക്കേറ്റ കുട്ടിയെ കാണാൻ ഇന്ത്യൻ നായകനെത്തി; ജേഴ്‌സി സമ്മാനം നൽകി ഇംഗ്ലണ്ട് ടീം

അതേ സമയം കോലിയെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും രംഗത്ത് വന്നിരുന്നു. എല്ലാ താരങ്ങളുടെ കരിയറിലും ഉയർച്ച താഴ്ച്ചകൾ ഉണ്ടാവുമെന്നും ഒരുപാട് നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു താരത്തിന്റെ ഭാവി ഒന്നോ രണ്ടോ പരമ്പരയിലെ മോശം പ്രകടനം കൊണ്ട് നിർണയിക്കപ്പെടുകയില്ലെന്നുമാണ് കോലിയെ പിന്തുണച്ച് രോഹിത് പറഞ്ഞത്. പുറത്തു നിന്ന് എത്ര വിമർശനങ്ങൾ വന്നാലും ടീം താരങ്ങളെ പിന്തുണയ്ക്കുകയും വീണ്ടും അവസരങ്ങൾ നൽകുകയും ചെയ്യുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

Story Highlights: Two former players can help kohli according to panesar