ഒടുവിൽ പാകിസ്ഥാൻ നായകൻറെ ട്വീറ്റിന് മറുപടി നൽകി വിരാട് കോലി

July 17, 2022

തന്റെ കരിയറിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുൻ നായകൻ വിരാട് കോലി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഒട്ടും ഫോമിലല്ലാത്ത താരം വലിയ വിമർശനങ്ങളാണ് ആരാധകരിൽ നിന്നും നിരവധി മുൻ താരങ്ങളിൽ നിന്നും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.

കോലി പ്രതിഭാധനരായ ഒട്ടേറെ യുവതാരങ്ങളുടെ ടീമിലേക്കുള്ള പ്രവേശനത്തിന് തടസ്സമായി നിൽക്കുകയാണെന്നും അതിനാൽ തന്നെ തൽക്കാലം മാറി നിൽക്കണമെന്നുമാണ് മുൻ താരങ്ങൾ അഭിപ്രായപ്പെടുന്നത്. തന്റെ ഇന്നിങ്‌സുകളിൽ മികച്ച സ്‌കോർ കണ്ടെത്താൻ കഴിയാത്ത താരം കടുത്ത നിരാശയാണ് ആരാധകർക്ക് നൽകുന്നത്.

എന്നാൽ അതേ സമയം തന്നെ നിരവധി താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും കോലിക്ക് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് പാകിസ്ഥാൻ നായകൻ ബാബർ അസം പങ്കുവെച്ച ട്വീറ്റാണ്. ‘കരുത്തനായിരിക്കുക, ഈ സമയവും കടന്ന് പോകും..’ എന്നാണ് ബാബർ ട്വീറ്റ് ചെയ്‌തത്‌. കോലിയോടൊപ്പം നിൽക്കുന്ന ഫോട്ടോയും താരം ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ട്വീറ്റ് ഏറ്റെടുത്തത്.

ഇപ്പോൾ ബാബർ അസമിന്റെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് കോലി. “നന്ദി. ഇനിയും തിളങ്ങൂ, ഉദിച്ചുയരൂ. എല്ലാ ആശംസകളും” എന്നാണ് ബാബറിനുള്ള മറുപടിയായി വിരാട് കോലി ട്വിറ്ററിൽ കുറിച്ചത്. ഇതോടെ ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദത്തെയാണ് ഇപ്പോൾ ആരാധകർ പുകഴ്ത്തുന്നത്.

Read More: ‘മടങ്ങുന്നു, എല്ലാവർക്കും നന്ദി’; ആരാധകർക്ക് നൊമ്പരമായി സഞ്ജു സാംസൺ പങ്കുവെച്ച കുറിപ്പ്

നേരത്തെ കോലിയെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും രംഗത്ത് വന്നിരുന്നു. എല്ലാ താരങ്ങളുടെ കരിയറിലും ഉയർച്ച താഴ്ച്ചകൾ ഉണ്ടാവുമെന്നും ഒരുപാട് നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു താരത്തിന്റെ ഭാവി ഒന്നോ രണ്ടോ പരമ്പരയിലെ മോശം പ്രകടനം കൊണ്ട് നിർണയിക്കപ്പെടുകയില്ലെന്നുമാണ് കോലിയെ പിന്തുണച്ച് രോഹിത് പറഞ്ഞത്.

Story Highlights: Virat kohli reply to babar azam tweet