ഫോം വീണ്ടെടുക്കൽ ലക്ഷ്യം; സിംബാബ്‌വെ പരമ്പരയിൽ കളിക്കാനൊരുങ്ങി കോലി

July 22, 2022

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു വിരാട് കോലി. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും മോശം പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് കോലി ടീമിൽ നിന്ന് മാറി നിന്നത്. പരമ്പരയിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയെങ്കിലും കോലിക്ക് ഒരു മത്സരത്തിലും മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഈ വർഷം ടി 20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ ഫോമില്ലായ്‌മ വലിയ ആശങ്കയാണ് ആരാധകർക്കും സെലക്ടർമാർക്കും നൽകുന്നത്. കോലിയെ പോലെ പരിചയസമ്പന്നനായ ഒരു താരം ലോകകപ്പ് ടീമിലുണ്ടാവേണ്ടത് വലിയ ഒരു ആവശ്യകതയാണ്. എന്നാൽ ഫോം വീണ്ടെടുക്കാൻ കഴിയുന്നില്ലെങ്കിൽ കോലിയെ ടീമിൽ ഉൾപ്പെടുത്താനും കഴിയില്ല. പ്രതിഭാധനരായ പല യുവതാരങ്ങളുടെയും അവസരം കോലി നഷ്ടപ്പെടുത്തുകയാണ് എന്ന് മുൻ താരങ്ങളടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോൾ സിംബാബ്‌വെയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കോലി കളിക്കാനൊരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം വലിയൊരു ഇടവേള എടുക്കാൻ കോലി ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് താരം ഇപ്പോൾ സിംബാബ്‌വെയ്ക്കെതിരെയുള്ള പരമ്പരയിൽ കളിക്കാൻ തയ്യറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകകപ്പിന് മുൻപ് ഫോം വീണ്ടെടുക്കുക എന്നതാണ് കോലിയുടെ ലക്ഷ്യം.

Read More: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

അതേ സമയം ഇന്ത്യൻ ടീമിലെ പല സീനിയർ താരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Virat kohli to play in zimbabwe series