ഹൈവേയിൽ അനായാസം ട്രക്കോടിച്ച് യുവതി- ആത്മവിശ്വാസം പകരുന്ന കാഴ്ച

June 8, 2023

കാലമെത്ര പോയാലും സ്ത്രീകൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത മേഖല എന്നനിലയിൽ വിലയിരുത്തപ്പെടുന്ന ഒട്ടേറെ തൊഴിലുകൾ ഉണ്ട്. എന്നാൽ, ഇത്തരം കാഴ്ചപ്പാടുകൾ തെറ്റാണെന്ന് തെളിയിച്ചിട്ടുമുണ്ട് ചില ധീരരായ സ്ത്രീകൾ. അക്കൂട്ടത്തിലേക്ക് ചേർക്കുകയാണ് തമിഴ്‌നാട് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരും. ഒരു വിഡിയോയിലൂടെയാണ് ഇവർ താരമായിരിക്കുന്നത്.

വിഡിയോയിൽ ഒരു വനിതാ ട്രക്ക് ഡ്രൈവറെ കാണാം. ആത്മവിശ്വാസത്തോടെ അനായാസമായുള്ള ആ ഡ്രൈവിംഗ് മികവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഐപിഎസ് ഓഫീസർ അവനീഷ് ശരൺ പങ്കുവെച്ച വിഡിയോയിൽ തമിഴ്‌നാട് നമ്പർ പ്ലേറ്റുള്ള ഒരു ട്രക്ക് ഹൈവേയിൽ അതിവേഗം പായുന്നത് കാണാം. വിഡിയോയുടെ തുടക്കത്തിൽ ട്രക്ക് അടുത്ത് വരുന്നതും ഒരു സ്ത്രീ വളരെ അനായാസമായി ട്രക്ക് ഓടിക്കുന്നതും കാണാം. വിഡിയോ ചിത്രീകരിക്കുന്ന വ്യക്തിയെ നോക്കി പുഞ്ചിരിക്കുകയും വേഗത്തിൽ പോകുന്നതിന് മുമ്പ് സന്തോഷത്തോടെ കയ്യുയർത്തി കാണിക്കുകയും ചെയ്യുന്നു.

“ഡ്രൈവർ ‘പുരുഷനാണോ’ ‘സ്ത്രീ’യാണോ എന്നത് ട്രക്ക് കാര്യമാക്കുന്നില്ല’- എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ. ഒട്ടേറെ ആളുകൾ ഈ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, മനോധൈര്യത്തോടെ ഡ്രൈവിങിനെ സമീപിക്കുന്ന ഒട്ടേറെ യുവതികളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയിൽ തളർന്നു വീണ ഡ്രൈവറെക്കുറിച്ചും അദ്ദേഹത്തിന്റെയും ആ ബസിലെ യാത്രക്കാരുടെയും ജീവൻ രക്ഷിച്ച ഒരു യുവതിയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

പൂനെ റോഡിലെ തിരക്കിലൂടെ വാഹനം ഓടിച്ചുക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ തളർന്നുവീണത്. ഉടൻതന്നെ ആ വാഹനത്തിന്റെ നിയന്ത്രണം യോഗിത എന്ന 42 കാരി ഏറ്റെടുക്കുകയായിരുന്നു. അതും ആദ്യമായാണ് യോഗിത ബസ് ഓടിക്കുന്നത് എന്ന പേടിയോ ആകുലതയോ ഇല്ലാതെതന്നെ. പത്ത് കിലോമീറ്ററോളം ദൂരമാണ് യോഗിത വാഹനം ഓടിച്ചത്.

Story highlights- woman drives truck on highway