അഭിമാനം നമ്മുടെ കുട്ടികൾ; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി അമിതാഭ് ബച്ചന്‍-വിഡിയോ

August 16, 2022

ഇന്നലെയാണ് രാജ്യം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷിക ദിനം ആഘോഷിച്ചത്. രാജ്യത്തെ സാധാരണക്കാരായ ആളുകളും പ്രമുഖരുമൊക്കെ ഒരേ അഭിമാനത്തോടെ ജന്മനാടിന്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

സ്വാതന്ത്ര്യ ദിനമായ ഇന്നലെ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ രാജ്യത്തിന് അഭിമാന നിമിഷമാവുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരത്തിൽ പങ്കുചേർന്നിരിക്കുകയാണ് താരം. ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ഇവർ ഗാനം ആലപിക്കുന്നത്.

ആംഗ്യ ഭാഷയിലൂള്ള ദൃശ്യ ആവിഷ്‌ക്കാരവുമായാണ് ബച്ചനും കുട്ടികളും എത്തിയിരിക്കുന്നത്. ഒരു കൂട്ടർ ദേശീയ ഗാനം ആലപിക്കുമ്പോൾ ബച്ചനും മറ്റു കുട്ടികളും ചേർന്ന് ആംഗ്യ ഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേരാണ് ഇതിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ, എല്ലി അവ്റാം, മനീഷ് പോൾ, എന്നിവരും ആശംസ അറിയിച്ചിട്ടുണ്ട്.

എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി രാജ്യത്തെ വീടുകളിലൊക്കെ ദേശീയ പതാക ഉയർന്നിരുന്നു. നിരവധി പ്രമുഖരും ഈ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തിയിരുന്നു.

Read More: സ്വാതന്ത്ര്യ ദിനത്തിൽ ഹൈദരാബാദ് പോലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ; ഓപ്പൺ ജീപ്പിലെ യാത്രയും പതാക ഉയർത്തലും-വിഡിയോ

മലയാള സിനിമ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരും വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Story Highlights: Amithabh bachchan and specially abled children national anthem