അവസരങ്ങളില്ല, മുംബൈ വിട്ട് ഗോവൻ ടീമിൽ കളിക്കാനൊരുങ്ങി അർജുൻ ടെൻഡുൽക്കർ
മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെ ഗോവൻ ടീമിൽ കളിക്കാനൊരുങ്ങുകയാണ് സച്ചിൻ ടെൻഡുൽക്കറിന്റെ മകനായ അർജുൻ. അടുത്ത ആഭ്യന്തര സീസൺ മുതൽ അർജുൻ ഗോവൻ ടീമിൽ കളിക്കാനാണ് സാധ്യത. മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇത് സംബന്ധിച്ച് താരം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇടംകൈയ്യൻ പേസറായ അർജുന് സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിന്റെ കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് മുംബൈക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞത്. ഹരിയാന, പുതുച്ചേരി ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ മാത്രമാണ് മുംബൈ അർജുനെ കളത്തിലിറക്കിയത്. മുംബൈ ഇന്ത്യൻസിൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി താരം ടീമിലുണ്ടെങ്കിലും ഇത് വരെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിഹാസ തുല്യനായ തന്റെ പിതാവിന്റെ നിഴലിൽ നിന്ന് പുറത്തു കടന്ന് തന്റേതായ ഒരു സ്ഥാനം ക്രിക്കറ്റിൽ നേടിയെടുക്കാനാണ് 22 കാരനായ അർജുൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പേസ് ബൗളറാണെങ്കിൽ പോലും സച്ചിനുമായുള്ള താരതമ്യം ജീവിതത്തിലുടനീളം തന്നെ പിന്തുടരും എന്നറിയാവുന്നത് കൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ അതിനെയൊക്കെ മറികടക്കാനാണ് താരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സച്ചിന്റെ മകൻ എന്നതിലൂടെ ലഭിക്കുന്ന പരിഗണനകൾ ഒന്നും സ്വീകരിക്കാതെയാണ് താരം ക്രിക്കറ്റിൽ ശോഭിക്കാൻ ശ്രമിക്കുന്നത്.
അതേ സമയം വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സച്ചിൻ. ക്രിക്കറ്റിലെ നേട്ടങ്ങളോടൊപ്പം ഒരു വ്യക്തി എന്ന നിലയിലും സച്ചിനോട് വലിയ സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ.
Story Highlights: Arjun tendulkar will play in goa team