“അന്ന് മമ്മൂക്കയെ കണ്ട് ഞെട്ടിപ്പോയി, ഒരിക്കലും പ്രതീക്ഷിച്ചില്ല..”; മമ്മൂട്ടി കൊടുത്ത വലിയ സർപ്രൈസ് അനുഭവം പങ്കുവെച്ച് ആശാ ശരത്

August 16, 2022

മികച്ച കുറെ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നടിയാണ് ആശാ ശരത്. വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ആശാ ശരത് ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മിനിസ്‌ക്രീനിലൂടെ സിനിമയിലേക്കെത്തിയ താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ദൃശ്യത്തിലെ പോലീസ് ഓഫീസറുടേത് തന്നെയാണ്. ഇപ്പോൾ അറിവിന്റെ വേദിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരം.

വേദിയിൽ നടൻ മമ്മൂട്ടിയെ പറ്റി ആശാ ശരത് പങ്കുവെച്ച ഒരോർമ്മയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മൂന്ന് ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച താരത്തിന് മമ്മൂട്ടിയുമായി അടുത്ത സൗഹൃദമാണുള്ളത്. ഒരിക്കൽ തന്റെ വീടിന്റെ പാല് കാച്ചൽ സമയത്ത് മമ്മൂട്ടി വന്ന് ഞെട്ടിച്ച ഒരു അനുഭവമാണ് താരം വേദിയിൽ പങ്കുവെച്ചത്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഒരു ചടങ്ങ് വേണ്ടാന്ന് വയ്ക്കുകയായിരുന്നു അന്ന്. അടുത്ത ബന്ധുക്കളെ പോലും ക്ഷണിച്ചിരുന്നില്ലെന്നും അറിഞ്ഞു വന്നവർ മാത്രമാണ് അന്ന് ഉണ്ടായിരുന്നതെന്നും പറയുകയാണ് ആശാ ശരത്. അപ്പോഴാണ് മമ്മൂട്ടി വീട്ടിലെത്തി തനിക്കൊരു സർപ്രൈസ് തന്നത്. അന്ന് താൻ ശരിക്കും ഞെട്ടി പോയെന്നും മമ്മൂക്ക വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

Read More: “കമൽ ഹാസൻ അങ്കിള് കാണണേ..”; കമൽ ഹാസന്റെ ‘പത്തലെ’ ഗാനം ഒറ്റയ്ക്ക് പാടി വിസ്‌മയിപ്പിച്ച് കുഞ്ഞു ഗായകൻ- വൈറൽ വിഡിയോ

വിജ്ഞാനവും വിനോദവും ഒരേ പോലെ പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Asha sharath shares surprise given by mammootty