“കമൽ ഹാസൻ അങ്കിള് കാണണേ..”; കമൽ ഹാസന്റെ ‘പത്തലെ’ ഗാനം ഒറ്റയ്ക്ക് പാടി വിസ്‌മയിപ്പിച്ച് കുഞ്ഞു ഗായകൻ- വൈറൽ വിഡിയോ

August 14, 2022

സമൂഹമാധ്യമങ്ങൾ സജീവമായതിന് ശേഷം നിരവധി കലാകാരന്മാരും കലാകാരികളുമാണ് തിരിച്ചറിയപ്പെട്ടിട്ടുള്ളത്. ഒരു പക്ഷെ മറ്റൊരു സാഹചര്യത്തിൽ ഒരിക്കലും ആരാലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത അതുല്യ പ്രതിഭകളാണ് സമൂഹമാധ്യമങ്ങളുടെ വരവോടെ വലിയ ശ്രദ്ധ നേടിയിട്ടുള്ളത്.

അതിൽ തന്നെ കുഞ്ഞു പ്രതിഭകളുടെ പ്രകടനങ്ങൾ വലിയ രീതിയിൽ ആളുകൾ ഏറ്റെടുക്കാറുണ്ട്. അതിമനോഹരമായി പാടുകയും നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന കുഞ്ഞു പ്രതിഭകളെ വലിയ ഇഷ്ടമാണ്‌ ആളുകൾക്ക്. ഇത്തരം നിരവധി പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

ഇപ്പോൾ മറ്റൊരു കുഞ്ഞു കലാകാരന്റെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. കമൽ ഹാസന്റെ വിക്രം എന്ന സിനിമയിലെ വലിയ ഹിറ്റായ ‘പത്തലെ പത്തലെ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് ഈ കുഞ്ഞു മിടുക്കൻ വൈറലാവുന്നത്. ഗിരിനന്ദൻ എന്ന ഈ കുഞ്ഞു ഗായകൻ ഒറ്റയ്ക്കാണ് ഈ ഗാനം ആലപിച്ച് ആളുകളെ വിസ്‌മയപ്പെടുത്തുന്നത്‌. പാട്ടിനൊപ്പം തന്നെ ഗാനത്തിന്റെ പശ്ചാത്തല സംഗീതം അനുകരിച്ചും ഗിരിനന്ദൻ തന്റെ പ്രകടനം കൂടുതൽ രസകരമാക്കുന്നുണ്ട്.

തന്റെ ആലാപനത്തിന് ശേഷം നടൻ കമൽ ഹാസനോട് ഒരു അഭ്യർത്ഥനയും ഈ കൊച്ചു മിടുക്കൻ പങ്കുവെക്കുന്നുണ്ട്. ‘കമൽ ഹാസൻ അങ്കിള് പാട്ട് കാണണേ എന്നാണ് ഗായകൻ താരത്തോട് അഭ്യർത്ഥിക്കുന്നത്. ഏതായാലും കുഞ്ഞു ഗായകൻറെ പ്രകടനം കമൽ ഹാസൻ കണ്ട് അഭിപ്രായം പങ്കുവെയ്ക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സമൂഹമാധ്യമങ്ങൾ.

Read More: 75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സഹോദരങ്ങൾ; മിഴിയും മനസ്സും നിറഞ്ഞ നിമിഷങ്ങൾ

അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ചിത്രത്തിൽ ഇ ഗാനം ആലപിച്ചിരിക്കുന്നത്. വിക്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലാണ് ഈ ഗാനമുള്ളത്. ചടുലമായ നൃത്തച്ചുവടുകളുമായി ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന ഉലകനായകൻ വലിയ ആവേശമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്.

Story Highlights: Little kid singer goes viral