75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സഹോദരങ്ങൾ; മിഴിയും മനസ്സും നിറഞ്ഞ നിമിഷങ്ങൾ

August 13, 2022

“ഞാൻ ഇന്ത്യയിൽ നിന്നാണ്, എന്റെ സഹോദരൻ പാകിസ്ഥാനിൽ നിന്നും. പക്ഷെ ഞങ്ങളുടെയിടയിൽ ഒരുപാട് സ്‌നേഹം നിലനിൽക്കുന്നു.”

ഓരോ മനുഷ്യരുടെയും ഉള്ളിലാണ് സിക്ക ഖാൻ എന്നയാളുടെ വാക്കുകൾ സ്‌പർശിച്ചത്. വർഷങ്ങൾക്ക് ശേഷം തന്റെ സഹോദരനെ കണ്ടു മുട്ടിയിരിക്കുകയാണ് അദ്ദേഹം. പക്ഷെ വെറുമൊരു കൂടിച്ചേരൽ മാത്രമായിരുന്നില്ല അത്. രണ്ട് രാജ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ കൂടിയായിരുന്നു അത്. 75 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലുള്ള തന്റെ സഹോദരൻ സാദിഖിനെ കണ്ടുമുട്ടിയിരിക്കുകയാണ് ഇന്ത്യക്കാരനായ സിക്ക ഖാൻ.

ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ കഥകളൊക്കെ വേർപെടലിന്റെ കഥകൾ കൂടിയായിരുന്നു. സഹോദരങ്ങളും കുടുംബങ്ങളും സൗഹൃദങ്ങളും വിഭജനത്തോടെ രണ്ട് രാജ്യങ്ങളിലായി. വിഭജനത്തിന്റെ ക്രൂരതകളും പലരും ഏറ്റുവാങ്ങി. 1947 -ലെ വിഭജനവുമായി ബന്ധപ്പെട്ട് നടന്ന വംശീയ കലാപത്തിൽ സിക്കയുടെ അച്ഛനും സഹോദരിയും കൊല്ലപ്പെട്ടു. ഇത് നൽകിയ വേദന സഹിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെ അമ്മ നദിയിൽ ചാടി സ്വന്തം ജീവനൊടുക്കുകയായിരുന്നു. അന്ന് 6 മാസം മാത്രമായിരുന്നു സിക്കയുടെ പ്രായം.

പക്ഷെ അദ്ദേഹത്തിന്റെ സഹോദരൻ സാദിഖ് പാകിസ്ഥാനിൽ എത്തി. അന്ന് 10 വയസ്സ് പ്രായമുണ്ടായിരുന്ന സാദിഖ് പിന്നീടങ്ങോട്ട് പാകിസ്ഥാനിലാണ് ജീവിച്ചത്. തന്റെ ചില ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സിക്ക വളർന്നത്. അന്ന് മുതൽ തന്നെ തന്റെ സഹോദരനെ കണ്ടെത്തണം എന്ന ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷെ തെറ്റായ മേൽവിലാസത്തിലേക്ക് അദ്ദേഹം എഴുതിയ കത്തുകൾക്കൊന്നും മറുപടി വന്നില്ല.

ഒടുവിൽ ഇൻറ്റർനെറ്റാണ് അദ്ദേഹത്തിന്റെ സഹായത്തിനെത്തിയത്. പാകിസ്ഥാനി യൂട്യൂബറായ നാസിർ ധിലന്റെ കൂടി സഹായത്തോടെ ഒരുപാട് ഫോൺവിളികൾക്ക് ശേഷം സിക്ക തന്റെ സഹോദരൻ സാദിഖുമായി ഒന്നിക്കുകയായിരുന്നു. 38 കാരനായ ധിലനും സിഖ് സുഹൃത്ത് ഭൂപീന്ദർ സിങ്ങും ചേർന്ന് വിഭജനത്തിലൂടെ വേർപെട്ട മുന്നൂറോളം കുടുംബങ്ങളെ ഒരുമിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്.

Read More: ഹർ ഘർ തിരംഗയുടെ ഭാഗമായി മോഹൻലാലും; വീട്ടിൽ ദേശീയ പതാക ഉയർത്തി താരം

ആദ്യമൊരു വിഡിയോ കോളിലാണ് സഹോദരങ്ങൾ ആദ്യമായി കാണുന്നത്. പിന്നീട് തമ്മിൽ നേരിട്ട് കാണാനുള്ള ഔദ്യോഗിക അനുമതികൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒടുവിൽ മാസങ്ങൾക്ക് ശേഷം സിക്കയും സാദിഖും കണ്ടുമുട്ടി. കർതാപൂർ ഇടനാഴിയിൽ വച്ചാണ് സഹോദരങ്ങൾ കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ തന്നെ ഇരുവരും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. രണ്ട് രാജ്യങ്ങളിൽ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നിമിഷങ്ങൾ നേരിട്ട് കണ്ടവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

Story Highlights: Brothers re-unite after 75 years