നിന്നെ സ്നേഹിക്കാതിരിക്കാൻ ആർക്കാണ് കഴിയുക; പ്രണയനായകനായി ആസിഫ് അലി, ശ്രദ്ധനേടി ‘അനുരാഗമനം’…

August 8, 2022

മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം മഹാവീര്യറിലെ ഗാനം പുറത്തിറങ്ങി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവൽ- ഫാന്റസി വിഭാഗത്തിൽ എത്തുന്ന ചിത്രത്തിലെ അനുരാഗമനം എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ നായികയായി വേഷമിടുന്നത് കന്നഡ നടി ഷാൻവി ശ്രീയാണ്. പുറത്തുവന്ന ഗാനത്തിലെ മുഖ്യാകർഷണവും ഷാൻവി തന്നെയാണ്.

ആസിഫ് അലിയുടെ വീരഭദ്രൻ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മലയാളത്തിൽ ആദ്യമായി ഒരുങ്ങിയ ടൈം ട്രാവൽ- ഫാന്റസി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് മഹാവീര്യർ. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം നിവിൻ പോളിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാന്ത്രിക ശക്തിയുള്ള ഒരു സന്യാസിയുടെ വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. മുൻകാലത്ത് ഒരു രാജകുമാരനായിരുന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിൽ അഭിനയിക്കുന്നത്. രണ്ട് കാലഘട്ടത്തിലെ കഥയിലും നിവിൻ പോളി എത്തുന്നുണ്ട്.

Read also: മാലിന്യങ്ങൾ നിക്ഷേപിക്കാൻ 1.4 ലക്ഷം രൂപയുടെ ട്രാഷ് കവർ; ആഡംബര ബ്രാൻഡിന്റെ പുത്തൻ പരീക്ഷണം

എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. നിവിൻ പോളിയും ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, കലാഭവൻ പ്രജോദ്, വിജയ് മേനോൻ, മല്ലിക സുകുമാരൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Read also: എല്ലാവർക്കും നന്ദി, എനിക്ക് ആദ്യത്തെ സൂപ്പർ ഹിറ്റ് തന്നതിന്!- ‘സബാഷ് ചന്ദ്രബോസ്’ സംവിധായകൻ

അതേസമയം, സിബി മലയിലിന്റെ ‘കൊത്ത്’ ആണ് ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അജയ് വാസുദേവ് ഒരുക്കുന്ന അടുത്ത സിനിമയായ നാലാം തൂണിലും നായകൻ ആസിഫ് അലിയാണ്. കുറ്റവും ശിക്ഷയുമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights: Asif Ali Anuraga Manam Video Song