ഈ കുഞ്ഞാവയെ തളർത്താൻ ആവില്ല മക്കളെ..- രസകരമായ വിഡിയോ

August 8, 2022

കുട്ടികൾ വീട്ടിലുണ്ടെങ്കിൽ നേരംപോകുന്നത് അറിയുകയേ ഇല്ല. ചുറ്റുമുള്ള ആളുകളെയും ആ അന്തരീക്ഷത്തെയും സജീവമാക്കി വയ്ക്കാനുള്ള മാജിക് കുട്ടികളുടെ പക്കലുണ്ട്. കളിയും ചിരിയും ആഘോഷങ്ങളുമായി അവർ ഓരോ ദിനവും നിറപ്പകിട്ടാർന്നതാക്കുന്നു. സമൂഹത്തോടുള്ള ഓരോ കുട്ടികളുടെയും സമീപനം ചെറുപ്പത്തിൽ തന്നെ രൂപാന്തരപ്പെടാറുണ്ട്. ആളുകളോട് ഇടപഴകാനും സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും കുട്ടികൾ ചെറുപ്പത്തിൽ തന്നെ പഠിക്കുന്നു. ഇപ്പോഴിതാ, അല്പം മുതിർന്നവർക്ക് ഒരു ചമ്മലുണ്ടാകാവുന്ന ഒരു സാഹചര്യത്തെ അതിമനോഹരമായി കൈകാര്യം ചെയ്ത ഒരു കുഞ്ഞു കുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.

ഒരു നൃത്തപരിപാടി നടക്കുന്ന വേദിയിലേക്ക് അവർക്കൊപ്പം ചേരാനായി ഓടിയെത്തുമ്പോൾ വേദിയിലുള്ളവർ അത് അവസാനിപ്പിച്ച് പോയാലോ? മുതിർന്നവരെ സംബന്ധിച്ച് അവർക്കത് വളരെയധികം ചമ്മലുണ്ടാക്കുന്ന ഒരു സാഹചര്യമാണ്. എന്നാൽ ഒരു വിവാഹവേദിയിൽ സമാനമായി ഒരുകൂട്ടം യുവതികൾ മാർഗംകളി കാഴ്ചവയ്ക്കുമ്പോൾ വേദിയിലേക്ക് കയറി എത്തുകയാണ് ഒരു കുഞ്ഞു മിടുക്കി. മെല്ലെ നടന്ന് വേദിയിൽ എത്തിയപ്പോഴേക്കും നൃത്തം കഴിഞ്ഞിരുന്നു. അൽപനേരം ഒന്ന് ആശങ്കയോടെ ചുറ്റും നോക്കിയശേഷം ഒട്ടും വൈകാതെ കക്ഷി സ്വയം നൃത്തം തുടങ്ങി.

Read Also: വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

‘ഈ കുഞ്ഞാവയെ തളർത്താൻ ആവില്ല മക്കളെ..’ എന്ന ക്യാപ്ഷനൊപ്പം പങ്കുവെച്ചിരിക്കുന്ന വിഡിയോ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. കൊച്ചുകുട്ടികളുടെ പാട്ടുകളും നൃത്തവുമെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. മുൻവിധികളില്ലാതെ അവർ ഉള്ളിൽ നിന്നും കലയെ അവതരിപ്പിക്കുമ്പോൾ കണികളുടെയും മനസും നിറയും.  അടുത്തിടെ ബാദ്ഷായുടെ ജുഗ്നു ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ വളരെയധികം വൈറലായി മാറിയിരുന്നു.

Story highlights- baby dancing with confidence