ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ്? ആവേശത്തിൽ ക്രിക്കറ്റ് പ്രേമികൾ
കായികാസ്വാദകരുടെ പ്രിയപ്പെട്ട മത്സരങ്ങളുടെ ലിസ്റ്റിൽ ഏറ്റവും ഉയരത്തിലെ സ്ഥാനം തന്നെയാണ് ക്രിക്കറ്റിനുള്ളത്. ക്രിക്കറ്റ് താരങ്ങൾ കായിക പ്രേമികളെ വല്ലാതെ സ്വാധീനിക്കുന്നുമുണ്ട്. ലോകമെങ്ങും ആരാധകരെ ആനന്ദിപ്പിക്കുന്ന ക്രിക്കറ്റ് പക്ഷെ ഇതുവരെ ഒളിമ്പിക്സിന്റെ ഭാഗമായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കാലങ്ങളായി ഒളിമ്പിക്സിന്റെ ഭാഗാമാകാൻ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഈ ശ്രമങ്ങൾക്ക് ഫലം കാണാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2028-ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകാനായുള്ള സാധ്യതകൾ ഏറുകയാണ്.
ലോസ് ഏഞ്ചൽസ് 2028 ഗെയിംസിലേക്ക് ഉൾപ്പെടുത്താനുള്ള ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) നിർദ്ദേശിച്ച ഒൻപത് കായിക ഇനങ്ങളിൽ ഒന്നായി ക്രിക്കറ്റിനെ തെരഞ്ഞെടുത്തു. ബേസ്ബോൾ,സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, ബ്രേക്ക് ഡാൻസ്, കരാട്ടെ, കിക്ക്ബോക്സിംഗ്, സ്ക്വാഷ്, മോട്ടോർസ്പോർട്ട് എന്നിവയുൾപ്പെടെ എട്ട് കായിക ഇനങ്ങൾക്കൊപ്പം ക്രിക്കറ്റും ഒരു സ്ഥാനത്തിനായി മത്സരിക്കും.
അമേരിക്കയിൽ ക്രിക്കറ്റ് കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്നുണ്ട്. ഇത്തവണ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 വേൾഡ് കപ്പിനുള്ള യോഗ്യത മത്സരത്തിൽ അമേരിക്കൻ ടീം മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു. 2024-ലെ ടി20 ലോകകപ്പിന്റെ സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടാനുള്ള സാധ്യതകൾ കൂടി വരുന്നത്.
Read Also: ‘ലോട്ടറിയടിച്ച ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്..’; 75 ലക്ഷത്തിന്റെ ഭാഗ്യവാനെ തേടി നിത്യ മേനോൻ- വിഡിയോ
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ക്രിക്കറ്റ് മത്സരം നടന്നിട്ടുള്ളത്. 1900-ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെട്ടിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ ഭാഗമാകാൻ രണ്ട് ടീമുകൾക്ക് മാത്രമാണ് അന്ന് അവസരം ലഭിച്ചത്. ഫ്രഞ്ച് അത്ലറ്റിക് ക്ലബ് യൂണിയനെ പരാജയപ്പെടുത്തി ബ്രിട്ടനായിരുന്നു അന്ന് സ്വർണം നേടിയത്. അതിന് ശേഷം ഒളിമ്പിക്സിൽ പിന്നീടൊരിക്കലും ക്രിക്കറ്റ് ഒരു മത്സര ഇനമായി വന്നിട്ടില്ല . ക്രിക്കറ്റ് ഉൾപ്പെടുത്തിയാൽ അത് ഇന്ത്യൻ ആരാധകർക്കും കൂടുതൽ ആവേശമാകുമെന്നുമുറപ്പാണ് .
Story highlights- Cricket shortlisted for review by the Olympic committee