ഇന്ത്യയ്ക്ക് ആശ്വാസം; വിലക്ക് പിൻവലിച്ച് ഫിഫ
ഇന്ത്യൻ ഫുട്ബോളിനും ആരാധകർക്കും ആശ്വാസ വാർത്ത. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നൽകിയിരുന്ന വിലക്ക് ഫിഫ പിൻവലിച്ചിരിക്കുകയാണ്. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. ഫുട്ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.
ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിനു കൈമാറി സുപ്രീം കോടതി ഉത്തരവിറക്കി. ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രീം കോടതി ഭരണത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് വിലക്കുകയും ചെയ്തു. എക്സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Read More: ‘മഞ്ഞക്കുപ്പായത്തിലെ പുതിയ പോരാളി’; ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ
എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രീം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതാണ് എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം. ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights: Fifa lifts ban on india