മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ; സെമി ഫൈനലിൽ തകർത്തെറിഞ്ഞത് ആതിഥേയരായ ഇംഗ്ലണ്ടിനെ
ആവേശപ്പോരാട്ടത്തിനൊടുവിൽ കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൻ്റെ സെമിഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതകൾ. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
32 പന്തിൽ 61 റൺസെടുത്ത സ്മൃതി മന്ഥാനയുടെ മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്. 31 പന്തിൽ 44 റൺസെടുത്ത ജമീമ റോഡ്രിഗസും മികച്ച സ്കോർ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഇതോടെ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. എന്നാൽ സ്വർണ്ണ മെഡലിൽ കുറഞ്ഞതൊന്നും ഹർമൻപ്രീത് നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നില്ല. സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ തുടങ്ങിയവർ അടങ്ങുന്ന ഇന്ത്യൻ ടീം ഏതൊരു ടീമിനെതിരെയും വിജയം നേടാൻ പോന്നവരാണ്.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയം നേരിട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെയും ബാർബഡോസിനെയും തകർത്താണ് ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചത്. 100 റൺസിന്റെ വമ്പൻ വിജയമാണ് ബാർബഡോസിനെതിരെ ഇന്ത്യ നേടിയത്. അതേ സമയം പാകിസ്ഥാനെ 8 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കതിരെ 3 വിക്കറ്റിന് പരാജയം നേരിട്ടെങ്കിലും പാകിസ്ഥാന് എതിരെയുള്ള മികച്ച വിജയം ഇന്ത്യൻ വനിതകളുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.
Story Highlights: Indian women into commonwealth cricket final