വ്യാഴത്തിന്റെ ചിത്രങ്ങൾ പുറത്ത്; അവിശ്വസനീയമെന്ന് ശാസ്‌ത്രജ്ഞർ

August 24, 2022

പ്രകൃതി ഒരുക്കിവെയ്ക്കുന്ന വിസ്‌മയങ്ങൾക്ക് പരിധിയില്ല. മനുഷ്യർ പലപ്പോഴും അത്തരം വിസ്‌മയങ്ങൾക്ക് സാക്ഷിയാവാറുമുണ്ട്. ഇത്തരം അത്ഭുതങ്ങൾക്ക് പിന്നാലെ പോയി അതിന് പിന്നിലുള്ള രഹസ്യങ്ങളെ മനസ്സിലാക്കാൻ എപ്പോഴും വ്യഗ്രതയുള്ളവരാണ് നമ്മൾ.

ഇപ്പോൾ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗൃഹമായ വ്യാഴത്തിൻറെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ശാസ്‌ത്രലോകം. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴത്തിൻറെ ചിത്രങ്ങളാണ് കൗതുകമുണർത്തുന്നത്. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും വ്യാഴത്തോടൊപ്പം ചിത്രത്തിൽ ദൃശ്യമാണ്.

വ്യാഴത്തിന്റെ വളയങ്ങള്‍, ചെറിയ ഉപഗ്രഹങ്ങള്‍, ഗാലക്സികൾ എന്നിവയെല്ലാം ഒരേ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞനായ ഇംകെ ഡി പാറ്റര്‍ പറയുന്നത്. ‘സത്യസന്ധമായി പറഞ്ഞാല്‍ ഈ ചിത്രം ഇത്ര മനോഹരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: അഗ്നിപർവ്വതം പൊട്ടി ലാവ തിളച്ചു പൊന്തുന്ന അപൂർവ്വ കാഴ്ച്ച ക്യാമറയിലാക്കി ഫോട്ടോഗ്രാഫർ-വിഡിയോ

ഒബ്‌സര്‍വേറ്ററിയുടെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചാണ് സംയോജിത ചിത്രങ്ങള്‍ എടുത്തത്. 2021 ഡിസംബറില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റില്‍ വിക്ഷേപിച്ച ജെയിംസ് വെബ്ബ് ഭൂമിയില്‍ നിന്ന് ഒരു ദശലക്ഷം മൈല്‍ അകലെ ലഗ്രാഞ്ച് പോയിന്റ് എന്നറിയപ്പെടുന്ന ബഹിരാകാശ മേഖലയില്‍ സൂര്യനെ ചുറ്റുകയാണ്. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് ജെയിംസ് വെബ്ബിന്റെ ദൗത്യങ്ങള്‍. വ്യാഴത്തിന്റെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ അവിശ്വസനീയമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്.

Story Highlights: Jupiter images taken by james webb