തമിഴിൽ താരമായി വീണ്ടും കാളിദാസ് ജയറാം; ഇത്തവണ പാ രഞ്ജിത്ത് ചിത്രത്തിൽ, ശ്രദ്ധനേടി ഗാനം

August 9, 2022

മലയാളത്തിന്റെ പ്രിയനടൻ കാളിദാസ് ജയറാം ഇപ്പോൾ തമിഴിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും തമിഴകത്ത് ശ്രദ്ധനേടുകയാണ് കാളിദാസ് ജയറാം. ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പേരിൽ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുഷറ വിജയന്‍ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്തിന്റെ തന്നെ സര്‍പ്പാട്ട പരമ്പരൈയില്‍ നായികാ കഥാപാത്രമായ മാരിയമ്മയെ അവതരിപ്പിച്ചതും ദുഷറ വിജയന്‍ തന്നെ ആയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രംഗരത്തിനം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് തെന്‍മ. എം എസ് കൃഷ്ണ, ഗാന മുത്തു, സംഗീത സന്തോഷം, കവിത ഗോപി, കാര്‍ത്തിക് മിണിക്കവസാകം എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്ലായിരിക്കും ചിത്രം ഒരുങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read also: ജാക്സണെ പോലെ ഞാൻ ചിരിക്കാറുപോലുമില്ല; ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകാതിരിക്കൂ-മുന്നറിയിപ്പുമായി ബാബു ആന്റണി

അതേസമയം നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം ‘പാവ കഥൈകളി’ലെ കാളിദാസിന്‍റെ പ്രകടനം തമിഴ് സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്.

അതേസമയം അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ പാ രഞ്ജിത്ത് ചിത്രം സര്‍പ്പാട്ട പരമ്പരൈ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആര്യയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യയുടെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: Kalidas Jayaram pa Ranjith movie song trending