‘ജന ഗണ മന’ ഈണത്തിൽ പാടി കൊറിയൻ കുരുന്ന്; പഠിപ്പിച്ചത് അമ്മ-വിഡിയോ
ഈ ഓഗസ്റ്റ് 15 നാണ് രാജ്യം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷിക ദിനം ആഘോഷിച്ചത്. രാജ്യത്തെ സാധാരണക്കാരായ ആളുകളും പ്രമുഖരുമൊക്കെ ഒരേ അഭിമാനത്തോടെ ജന്മനാടിന്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ അന്യ രാജ്യങ്ങളിലുമുണ്ട്. ലോകത്തെ എല്ലാ ദേശക്കാരുമായും അടുപ്പവും സൗഹൃദവും സൂക്ഷിക്കുന്നത് കൊണ്ട് തന്നെ സ്വാതന്ത്ര്യ ദിനത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ആശംസകൾ ഇന്ത്യയെ തേടിയെത്തിയിരുന്നു.
ഇപ്പോൾ കൊറിയയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറുന്നത്. ഒരു കൊറിയൻ കുട്ടിക്ക് അവന്റെ അമ്മ ഇന്ത്യയുടെ ദേശീയ ഗാനമായ ജന ഗണ മന ചൊല്ലിക്കൊടുക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. അതിമനോഹരമായാണ് അവൻ പാടുന്നത്. ജന ഗണ മന പാടിയതിന് ശേഷം ഒടുവിൽ അവൻ ജയ് ഹിന്ദും പറയുന്നുണ്ട്. ലോകത്താകെ ഉള്ള നിരവധി ഇന്ത്യക്കാരാണ് ഈ വിഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
അതേ സമയം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോ രാജ്യത്തിന് അഭിമാന നിമിഷമായി മാറിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്കാരത്തിൽ താരം പങ്കുചേർന്നിരുന്നു. ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ഇവർ ഗാനം ആലപിക്കുന്നത്.
ആംഗ്യ ഭാഷയിലൂള്ള ദൃശ്യ ആവിഷ്ക്കാരവുമായാണ് ബച്ചനും കുട്ടികളും എത്തിയത്. ഒരു കൂട്ടർ ദേശീയ ഗാനം ആലപിക്കുമ്പോൾ ബച്ചനും മറ്റു കുട്ടികളും ചേർന്ന് ആംഗ്യ ഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേരാണ് ഇതിന് ആശംസകൾ അറിയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ, എല്ലി അവ്റാം, മനീഷ് പോൾ എന്നിവരും ആശംസ അറിയിച്ചിരുന്നു.
Story Highlights: Korean kid learning jana gana mana from mother