50 ലക്ഷം ത്രിവർണ പതാകകൾ നിർമ്മിക്കാനൊരുങ്ങി കുടുംബശ്രീ
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ വലിയൊരു പ്രയത്നത്തിലാണ് കേരളത്തിലെ കുടുംബശ്രീ പ്രവർത്തകർ. സ്വാതന്ത്ര്യ ദിനത്തിനായി 50 ലക്ഷത്തോളം പതാകകൾ നിർമ്മിക്കുക എന്ന വലിയ ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്.
ഇതോടെ ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയരുമെന്നാണ് അറിയുന്നത്. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം വലിയ ആഘോഷമാക്കാൻ വിപുലമായ പരിപാടികൾക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുങ്ങുന്നത്. ഇതിനോടൊപ്പമാണ് കുടുംബശ്രീയുടെ ഈ ദൗത്യം. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനുകീഴിലെ ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകൾ ചേർന്നാണ് പതാക നിർമിക്കുന്നത്. മുന്നൂറ്റമ്പതോളം പേരാണ് തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്. ആവശ്യമായ പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ നൽകിയിരുന്നു.
Story Highlights: Kudumbashree to stitch 50 lakhs flags