മലയാള തനിമയിൽ മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകർ

August 25, 2022

മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടിക്ക് സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമാണുള്ളത്. അദ്ദേഹം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിർമാതാവുമായ ജോർജ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ഷർട്ടും മുണ്ടും ധരിച്ച് മലയാളത്തനിമയോടെ നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് മമ്മൂട്ടി ഈ വേഷത്തിലെത്തിയത്.

അതേ സമയം ബി. ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തെ പറ്റിയുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ‘ക്രിസ്റ്റഫർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്‌ണനും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

Read More: ജയിലറിൽ വിനായകൻറെ സാന്നിധ്യം ഉറപ്പാക്കി കാസ്റ്റിംഗ് വിഡിയോ; പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്‌ണൻ രജനീ കാന്തിനൊപ്പം

ചിത്രത്തിൽ മമ്മൂട്ടി പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എറണാകുളവും വണ്ടിപ്പെരിയാറും പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ തമിഴ് നടൻ വിനയ് റായി ചിത്രത്തിൽ വില്ലനാവുമെന്ന വാർത്ത പുറത്തു വന്നിരുന്നു. മിഷ്‌കിന്റെ ‘തുപ്പറിവാളൻ’ അടക്കമുള്ള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് താരം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: Mammootty image goes viral