ദേവദൂതർ ഗാനത്തിന് ചുവട് വെച്ച് മേഘ്‌നക്കുട്ടി; ചിരി അടക്കാനാവാതെ പാട്ടുവേദി

August 25, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്.

ജഡ്‌ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്‌നക്കുട്ടിയുടെ ഒരു ഡാൻസാണ് പാട്ടുവേദിയിൽ പൊട്ടിച്ചിരി പടർത്തിയത്.

കേരളം മുഴുവൻ വൈറലായ കുഞ്ചാക്കോ ബോബന്റെ “ദേവദൂതർ പാടി..” എന്ന ഗാനത്തിന്റെ വൈറൽ ചുവടുകളാണ് മേഘ്‌നക്കുട്ടി വേദിയിൽ പുനഃസൃഷ്ടിച്ചത്. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് മേഘ്‌നക്കുട്ടി ചുവടുകൾ വെച്ചപ്പോൾ വേദിയിലെ അവിസ്‌മരണീയമായ ഒരു നിമിഷമായി അത് മാറുകയായിരുന്നു. “ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ ഈ ഗാനം ആലപിച്ച ബിജു നാരായണന്റെ സാന്നിധ്യത്തിലായിരുന്നു മേഘ്‌നക്കുട്ടിയുടെ പ്രകടനം.

അതേ സമയം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ഗാനമാണ് കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി..” എന്ന ഗാനം. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്.

Read More: “മീനൂട്ടിയോട് ഒരു ചോദ്യം..”; മീനാക്ഷിയെ കുഴപ്പിക്കുന്ന ചോദ്യവുമായി എം.ജി.ശ്രീകുമാർ, ചിരിയോടെ എതിരേറ്റ് പാട്ടുവേദി

ചിത്രത്തിലെ ഡാൻസിനെ പറ്റി താരം നേരത്തെ മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും താരം പറഞ്ഞു. നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

Story Highlights: Meghna devadoothar viral dance