“ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി..”; പാട്ടുവേദിയിൽ കുഞ്ഞിക്കിളിയായി പറന്നിറങ്ങി മിയക്കുട്ടി

August 15, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ കടുത്ത മത്സരമാണ് വേദയിൽ അരങ്ങേറുന്നത്. കൊച്ചു ഗായകരൊക്കെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രയത്‌നത്തിലാണ്.

ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായിക മിയക്കുട്ടിയുടെ ഒരു പ്രകടനമാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മനു അങ്കിൾ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ “ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി..” പാടി വേദിയുടെ കൈയടി വാങ്ങിയിരിക്കുകയാണ് ഇപ്പോൾ മിയക്കുട്ടി. പ്രശസ്‌ത സംഗീത സംവിധായകൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ വിധികർത്താവ് കൂടിയായ എം.ജി.ശ്രീകുമാറാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മിയക്കുട്ടിയുടെ ആലാപനം വിസ്‌മയത്തോടെയാണ് എം.ജി.ശ്രീകുമാർ അടക്കമുള്ള വിധികർത്താക്കൾ കേട്ടുകൊണ്ടിരുന്നത്.

Read More: ഗാനഗന്ധർവ്വന്റെ പ്രണയ ഗാനവുമായി കൊച്ചു ഗന്ധർവ്വൻ അക്ഷിത് വേദിയെ ആശ്ചര്യപ്പെടുത്തിയ നിമിഷം

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story Highlights: Miya sings a beautiful m.g.sreekumar song