നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണ് അമ്മയും മകനും; അത്ഭുതകരമായി രക്ഷപ്പെട്ടത് റെയിൽവേ ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടൽ മൂലം

August 9, 2022

സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടി കയറാനുള്ള ശ്രമത്തിനിടയിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു ഒരമ്മയും മകനും. എന്നാൽ റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടൽ മൂലം അത്ഭുതകരമായാണ് ഈ അമ്മയും മകനും രക്ഷപ്പെട്ടത്. ബംഗാളിലെ ബാങ്കുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

വലിയ പ്രശംസയാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥയ്ക്ക് ലഭിക്കുന്നത്. തിങ്കളാഴ്ച റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ട്വീറ്റിൽ മന്ത്രാലയം ആർപിഎഫ് ജീവനക്കാരിയെ പ്രശംസിക്കുകയും ചെയ്തു.

ബാങ്കുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടി തുടങ്ങുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന വൃദ്ധയെയും മകനെയും വനിതാ ആർപിഎഫ് ഉദ്യോഗസ്ഥൻ ദൂരെ നിന്ന് കാണുകയും അപകടം മനസ്സിലാക്കിയ അവർ ഉടൻ തന്നെ ഓടി അവരുടെ അടുത്തെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കകം യുവതിയും മകനും ട്രെയിനിൽ നിന്ന് വഴുതി പ്ലാറ്റ്ഫോമിലേക്ക് വീഴുന്നത് വിഡിയോയിൽ ദൃശ്യമാണ്. ആ സമയം ഓടിയെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥൻ അവരെ രക്ഷപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. അപ്പോഴേക്കും ബാക്കി ഉള്ളവർ ഓടി അവരുടെ അടുത്തേക്ക് എത്തി. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.

Read More: ശാന്തമായി നീങ്ങുന്ന കാട്ടാനക്കൂട്ടത്തിന് മുന്നിൽ സെൽഫിക്ക് പോസ് ചെയ്ത് യുവാക്കൾ; അപകടമൊഴിവായത് തലനാരിഴയ്ക്ക്- വിഡിയോ

28,000-ത്തിലധികം ആളുകളാണ് വിഡിയോ ട്വിറ്ററിൽ കണ്ടത്. നൂറുകണക്കിന് ആളുകൾ വിഡിയോ റീട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഓട്ടോമാറ്റിക് ഡോറുകൾ സ്ഥാപിക്കണമെന്ന് ചില ഉപയോക്താക്കൾ ഇന്ത്യൻ റെയിൽവേയ്ക്ക് നിർദ്ദേശങ്ങൾ നൽകി.

Story Highlights: Mother and son saved by railway official