ഒറ്റപ്പെടലും ഏകാന്തതയും; ടാങ്കിൽ തലയിട്ടടിച്ച് തിമിംഗലം, കടലിലേക്ക് തിരിച്ചയക്കൂ എന്ന് മൃഗസ്നേഹികൾ- ഹൃദയഭേദകമായ കാഴ്ച്ച
തങ്ങളുടെ വാസസ്ഥലം നഷ്ടപ്പെട്ട് പലായനം ചെയ്യാൻ വിധിക്കപ്പെടുന്ന മനുഷ്യരും മൃഗങ്ങളുമൊക്കെ വലിയൊരു വിങ്ങലാണ് അവശേഷിപ്പിക്കുന്നത്. സ്വന്തം നാടും ജീവിതവും നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥകൾ വലിയ വാർത്ത ആവാറുണ്ടെങ്കിലും അവിടെയും വലിയ അവഗണനയാണ് മൃഗങ്ങൾക്ക് ലഭിക്കുന്നത്. തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് പറിച്ചെറിയപ്പെടുന്ന മൃഗങ്ങൾ അനുഭവിക്കുന്ന വേദനകൾ പലപ്പോഴും നമ്മൾ കണ്ടില്ലെന്ന് നടിക്കാറുണ്ട്.
ഇപ്പോൾ അത്തരത്തിലൊരു തിമിംഗലത്തിന്റെ വ്യഥകളാണ് സോഷ്യൽ മീഡിയയുടെ മിഴി നിറയ്ക്കുന്നത്. ‘ലോകത്തെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന തിമിംഗലം’ എന്നറിയപ്പെട്ട കൊലയാളി തിമിംഗലം ഇതിന് മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. കിസ്ക്ക എന്നാണ് ഈ തിമിംഗലത്തിന്റെ പേര്. നയാഗ്ര വെള്ളച്ചാട്ടത്തിലെ മറൈൻലാൻഡ് പാർക്കിലെ ഒരു ടാങ്കിലാണ് കിസ്ക്ക ഒറ്റപ്പെട്ട് ചുറ്റിത്തിരിയുന്നത്.
പലപ്പോഴും ഇത്തരം കൊലയാളി തിമിംഗലങ്ങളെ അവരുടെ ഇണകളോടൊപ്പമാണ് വലിയ ടാങ്കുകളിൽ പാർപ്പിക്കാറുള്ളത്. എന്നാൽ ഇണകളുടെ മരണത്തിന് ശേഷം ഇവർ വലിയ ഒറ്റപ്പെടൽ നേരിടാറുണ്ട്. കടലിന്റെ അഗാധതകളിൽ നീന്തി തുടിക്കേണ്ട ഇവരെ ടാങ്കുകളുടെ പരിമിതമായ സ്ഥലം മടുപ്പിക്കും. ഇപ്പോൾ കടുത്ത ഒറ്റപ്പെടലും ഏകാന്തതയും കാരണം ടാങ്കിന്റെ ഭിത്തിയിൽ തുടർച്ചയായി തന്റെ തലയിട്ടിടിക്കുന്ന കിസ്ക്കയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറുന്നത്.
Read More: സ്രാവുമായി മൽപ്പിടുത്തം നടത്തി യുവാവ്, എന്നാൽ യാഥാർഥ്യം മറ്റൊന്ന്-വിഡിയോ
ഹൃദയഭേദകമായ ഒരു കാഴ്ച്ചയാണിത്. ജീവികളെ തടവിൽ വയ്ക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന ഫിൽ ഡെമേഴ്സ് എന്ന ആക്ടിവിസ്റ്റാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കിസ്ക്കയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തകർന്നതിന്റെ ലക്ഷണങ്ങളാണ് അവൾ കാണിക്കുന്നതെന്നാണ് ദൃശ്യങ്ങൾ കണ്ട മൃഗസ്നേഹികളും ആക്ടിവിസ്റ്റുകളും പറയുന്നത്. അവളെ എത്രയും പെട്ടെന്ന് കടലിലേക്ക് തിരിച്ചയക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Story Highlights: Orca whale heartbreaking video