“രാജുവേട്ടാ എന്ന് ആദ്യമായിട്ടാണ് ഒരു മേയർ വിളിക്കുന്നത്..”; കിഴക്കേക്കോട്ട മേൽപ്പാല ഉദ്ഘാടന വേളയിൽ ചിരി പടർത്തി പൃഥ്വിരാജ്
തിരുവനന്തപുരം കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലം ജനങ്ങൾക്ക് സമർപ്പിക്കപ്പെട്ടു. ചടങ്ങിൽ നടൻ പൃഥ്വിരാജ് ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമാണ് വേദിയിൽ ചിരി പടർത്തിയത്.
ജീവിതത്തിൽ ആദ്യമായിട്ടാണ് രാജുവേട്ടാ എന്ന് വിളിച്ച് ഒരു മേയർ തന്നെ ഒരു ചടങ്ങിന് ക്ഷണിക്കുന്നത് എന്നാണ് താരം പറഞ്ഞത്. അത് കൊണ്ട് തന്നെ എന്തായാലും പരിപാടിയിൽ പങ്കെടുത്തേക്കാം എന്ന് ഉറപ്പിച്ചുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഇതോടെ വേദിയിൽ ചിരി പടരുകയായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ മന്ത്രി പി എ മുഹമ്മദ് റിയാസ് അടക്കമുള്ളവർ ചിരിയിൽ പങ്കുചേരുകയായിരുന്നു.
തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുകയായിരുന്നു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജാണ് നിർവഹിച്ചത്. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്. 104 മീറ്റർ നീളമുള്ള കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമായത്.
Read More: ഫഹദ്-നസ്രിയ ദമ്പതികളുടെ എട്ടാം വിവാഹ വാർഷികം; സൈക്കിൾ സവാരിയുടെ വിഡിയോ പങ്കുവെച്ച് നസ്രിയ
മേയർ ആര്യ രാജേന്ദ്രനോടൊപ്പം മേൽപ്പാലത്തിൽ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് മുഹമ്മദ് റിയാസ്, പൃഥ്വിരാജ് എന്നിവർ എത്തിയത്. മേൽപ്പാലം നഗരത്തിന്റെ മാറ്റുകൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടപ്പോൾ തലസ്ഥാന പെരുമ വിളിച്ചോതുന്ന മേൽപ്പാലം യാഥാർത്ഥ്യമാക്കിയതിന് തിരുവനന്തപുരം കോർപ്പറേഷന് പൃഥ്വിരാജ് നന്ദി പറഞ്ഞു. നാല് കോടിയോളം രൂപ മുടക്കി ആക്സോ എൻജിനിയേഴ്സാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ എ എ റഹീം എംപി, മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ തുടങ്ങി നിരവധി പേർ മേയറിനൊപ്പം പങ്കെടുത്തു.
Story Highlights: Prithviraj funny during inauguration