കൂട്ടുകാരുടെ പരിഹാസം സഹിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടിയ ബാലൻ; ഇനിയവൻ ഹോളിവുഡ് സിനിമ താരം

August 23, 2022

2020 ഫെബ്രുവരിയിലാണ് ക്വാഡൻ ബെയിൽസ് എന്ന 9 വയസ്സുകാരൻ ബാലന്റെ ഹൃദയ ഭേദകമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കൂട്ടുകാരുടെ പരിഹാസവും ബുള്ളിയിങ്ങും സഹിക്കാൻ കഴിയാതെ തനിക്ക് ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞു കരയുന്ന ക്വാഡന്റെ വിഡിയോ ആളുകൾക്ക് വലിയ നൊമ്പരമായി മാറിയിരുന്നു. ബാലന്റെ അമ്മയാണ് വിഡിയോ ഷൂട്ട് ചെയ്യുന്നത്. വലിയ വിഷമത്തോടെയാണ് ക്വാഡന്റെ അമ്മ സംഭവത്തെ പറ്റി വിഡിയോയിൽ സംസാരിക്കുന്നത്.

ഇതിനെ തുടർന്ന് നിരവധി ആളുകളാണ് ക്വാഡന് പിന്തുണയുമായി രംഗത്ത് വന്നത്. തുടർന്ന് ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ഈ ബാലന് ലഭിക്കുകയായിരുന്നു. ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ‘മാഡ് മാക്സ്: ഫ്യൂരിയോസ’യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ് ഹേംസ്‌വെർത്ത്, ആന്യ ടെയ്‌ലർ-ജോയ് തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിടും.

2024 ലാണ് സിനിമ പുറത്തിറങ്ങുക. ജോർജ് മില്ലറിൻ്റെ തന്നെ ‘ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങിങ്’ എന്ന സിനിമയിലും ക്വാഡൻ ബെയിൽസ് അഭിനയിക്കും. ഇദ്രീസ് എൽബ, ടിൽഡ സ്വിൻടൺ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

സഹപാഠികളിൽ നിന്ന് ബുള്ളിയിംഗിന് ഇരയായ ക്വാഡൻ എന്ന 9 കാരൻ്റെ വിഡിയോ അവൻ്റെ അമ്മ യരാഖ ബെയിൽസ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Read More: കുഞ്ഞു ഗായകർ ഒരേ സ്വരത്തിൽ പാടി “മെഹബൂബ..”; കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം-വിഡിയോ

‘പഠിക്കാനും അല്പം ഉല്ലാസത്തിനും വേണ്ടിയാണ് എൻ്റെ മകൻ സ്കൂളിൽ പോകുന്നത്. പക്ഷേ, എന്നും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ അവനെ പരിഹസിക്കുന്നു. മകന്റെ സങ്കടം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു ‍കുഞ്ഞിനെ തകർക്കുന്നതെന്ന് മനസ്സിലാക്കണം.’- വിഡിയോയിൽ ക്വാഡന്റെ അമ്മ പറയുന്നു.

ഈ വിഡിയോ 134,000 ലധികം തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടു. ഇതോടെ നിരവധി ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചും സ്നേഹം പങ്കുവെച്ചും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഈ ബാലന് ലഭിക്കുന്നത്. ഇപ്പോൾ അഭിനയിക്കാൻ അവസരം കിട്ടിയതിൽ വലിയ സന്തോഷത്തിലാണ് ഈ കുഞ്ഞ്. ക്വാഡനെ പിന്തുണച്ചവരും വലിയ സന്തോഷത്തിലാണ് ഇപ്പോൾ.

Story Highlights: Quaden Bayles acting in hollywood movies