സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ നായകനായി റോഷൻ മാത്യു- ശ്രദ്ധനേടി ചതുരം ടീസർ

August 16, 2022

നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സംവിധായകന്റെ കുപ്പായം അണിഞ്ഞ് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയതാണ് സിദ്ധാർഥ് ഭരതൻ. ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന കെപിഎസി ലളിതയുടെയും പ്രശസ്‌ത സംവിധായകൻ ഭരതന്റെയും മകനായ സിദ്ധാർഥ് വ്യത്യസ്‌തമായ ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ തന്റേതായ ശൈലി കണ്ടെത്തിയതാണ്. ഇപ്പോഴിതാ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികൾക്ക് ആവേശം പകരുന്നത്. ചതുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റോഷൻ മാത്യുവും സ്വാസികയുമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ നിഗൂഢതകൾ നിലനിർത്തിക്കൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട സിനിമയുടെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ റോഷനും സ്വാസികയ്ക്കുമൊപ്പം ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: ‘കാഴ്ച’യിലെ മമ്മൂട്ടിയുടെ അച്ഛൻ- നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

അതേസമയം ജിന്നിന് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചതുരം’. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ റോഷൻ മാത്യുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഡാർലിംഗ്‌സ് ആണ്. ചിത്രത്തിൽ സുൽഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ആലിയ ഭട്ടാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story highlights: Roshan Mathew Chathuram Teaser