“ആദ്യ ബാറ്റ് സമ്മാനിച്ചയാൾ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിലൊന്ന്..”; സഹോദരിയെ പറ്റിയുള്ള സച്ചിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 13, 2022

സമൂഹമാധ്യമങ്ങളിലും സജീവമായിട്ടുള്ള സച്ചിൻ ടെൻഡുൽക്കർ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിഡിയോകളുമൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും സച്ചിനെ പറ്റിയുള്ള വാർത്തകളൊക്കെ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ സഹോദരിയെ പറ്റി സച്ചിൻ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാവുന്നത്. രക്ഷാബന്ധൻ ദിനത്തിൽ തന്റെ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മയാണ് സച്ചിൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സവിതയ്ക്കും സഹോദരന്‍മാരായ നിതിന്‍, അജിത്ത് എന്നിവര്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സച്ചിന്‍ രക്ഷാബന്ധൻ ആശംസ നേര്‍ന്നത്. ഈ അടുത്തുനടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് സച്ചിന്‍ പോസ്റ്റ് ചെയ്തത്.

“എന്റെ കൂടെ എപ്പോഴും നിന്ന സഹോദരി, എന്റെ ജീവിതത്തിലെ ആദ്യ ബാറ്റ് സമ്മാനിച്ച നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പിള്ള സമ്മാനങ്ങളില്‍ ഒന്ന്. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകള്‍”-സച്ചിന്‍ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ഇതേ ചടങ്ങില്‍ നിന്നുള്ള ഒരു വിഡിയോയും സച്ചിൻ പങ്കുവച്ചിരുന്നു. ഫെന്റ എന്ന് വിളിക്കപ്പെടുന്ന തലപ്പാവ് ധരിച്ചാണ് സച്ചിൻ കല്യാണത്തിനെത്തിയത്. ഉത്തരേന്ത്യൻ കല്യാണങ്ങളിൽ ധരിക്കാറുള്ള തലപ്പാവാണിത്. തന്റെ മരുമകളുടെ കല്യാണത്തിനാണ് സച്ചിൻ തലപ്പാവ് ധരിച്ചെത്തിയത്.

Read More: അമ്മയായി പത്ത് മാസത്തിനുള്ളിൽ കോമൺവെൽത്ത് മെഡൽ; ദീപിക തന്റെ അഭിമാനമെന്ന് ദിനേശ് കാർത്തിക്ക്

തലപ്പാവ് ധരിച്ചിരിക്കുന്ന വിഡിയോയാണ് സച്ചിൻ പങ്കുവെച്ചത്. സച്ചിൻ തന്റെ ഫേസ്ബുക്കിലും പങ്കുവെച്ച വിഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ്റ് ചെയ്‌തത്‌. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മുൻ ഇന്ത്യൻ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ യുവരാജ് സിംഗിന്റെ കമന്റാണ്. “സച്ചിൻ കുമാർ.” എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്‌തത്‌.

Story Highlights: Sachin shares a photo with sister