കല്യാണത്തിന് തലപ്പാവുമായി സച്ചിൻ; ഇത് സച്ചിൻ കുമാറെന്ന് യുവരാജ് സിംഗ്-വിഡിയോ
വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും സച്ചിനെ പറ്റിയുള്ള വാർത്തകളൊക്കെ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായിട്ടുള്ള താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിഡിയോകളുമൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ സച്ചിൻ പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരിൽ കൗതുകമുണർത്തുന്നത്. ഒരു കല്യാണത്തിന് പങ്കെടുത്തപ്പോൾ എടുത്ത് വിഡിയോയാണ് സച്ചിൻ പങ്കുവെച്ചിരിക്കുന്നത്. ഫെന്റ എന്ന് വിളിക്കപ്പെടുന്ന തലപ്പാവ് ധരിച്ചാണ് സച്ചിൻ കല്യാണത്തിനെത്തിയത്. ഉത്തരേന്ത്യൻ കല്യാണങ്ങളിൽ ധരിക്കാറുള്ള തലപ്പാവാണിത്. തന്റെ മരുമകളുടെ കല്യാണത്തിനാണ് സച്ചിൻ തലപ്പാവ് ധരിച്ചെത്തിയത്.
സച്ചിൻ തന്റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച വിഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ്റ് ചെയ്തത്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മുൻ ഇന്ത്യൻ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ യുവരാജ് സിംഗിന്റെ കമന്റാണ്. “സച്ചിൻ കുമാർ.” എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
അതേ സമയം അന്തരിച്ച ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിനെ അനുസ്മരിച്ച് സച്ചിൻ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. സൈമണ്ട്സിന്റെ വിയോഗം നമ്മളെ എല്ലാവരെയും ഞെട്ടിക്കുന്ന വർത്തയാണെന്നാണ് സച്ചിൻ പറയുന്നത്. സൈമണ്ട്സ് ക്രിക്കറ്റ് മൈതാനത്തെ ഊര്ജ്ജസ്വലനായ താരമായിരുന്നുവെന്നും മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ മനസ്സിലുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും സച്ചിൻ തന്റെ കുറിപ്പിൽ പറഞ്ഞു.
Story Highlights: Sachin viral video