‘ശരീരത്തിൽ ദേശഭക്തി പടർന്നു കയറിയ നിമിഷം..’; ഇന്ത്യൻ നാവികസേനയ്ക്കൊപ്പം ദേശീയ പതാകയേന്തി സൽമാൻ ഖാൻ
രാജ്യം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം വലിയ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇതിനിടയിലാണ് വിശാഖപ്പട്ടണത്ത് നാവിക സേന ആസ്ഥാനത്ത് സമയം ചിലവിട്ട നടൻ സൽമാൻ ഖാന്റെ ചിത്രങ്ങൾ ശ്രദ്ധേയമാവുന്നത്.
നാവികസേനാംഗങ്ങളോടൊപ്പം ഒരു ദിവസമാണ് സൽമാൻ ഖാൻ ചിലവിട്ടത്. സേനാംഗങ്ങളുമായി സംസാരിക്കുമ്പോൾ ദേശഭക്തി ശരീരംമുഴവൻ പടർന്നുകയറുകയായിരുനെന്ന് സൽമാൻ ഖാൻ പറഞ്ഞു. 2014ൽ ഗോവയിലും നാവികസേനയ്ക്കൊപ്പം ഇതിന് മുമ്പ് താൻ പങ്കുചേർന്നിട്ടുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. സൈനികരിൽ നിന്നും ദേശീയ പതാക ഏറ്റവാങ്ങി ആവേശത്തോടെ വീശിയ സൽമാൻ ദേശഭക്തിഗാനങ്ങൾ പാടാനും തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെയ്ക്കാനും മടിച്ചില്ല.
അതേ സമയം കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച നടൻ മോഹൻലാലിൻറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായാണ് ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത്. മോഹൻലാൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സംവിധായകൻ മേജർ രവിയും മോഹൻലാലിനെ അനുഗമിച്ചിരുന്നു.
ഭീമാകാരനായ ഈ കപ്പലിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സല്യൂട്ട് ചെയ്യുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്. കമോഡോർ വിദ്യാധർ ഹർകെ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ തുടങ്ങിയവര്ക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഐഎൻഎസ് വിക്രാന്ത് കടലിൽ എപ്പോഴും ജയശാലിയാകട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു.
Read More: “ഖൽബിലെ ഹൂറി..”; ഉണ്ണി മുകുന്ദൻ ആലപിച്ച ഷെഫീക്കിന്റെ സന്തോഷത്തിലെ ഗാനം റിലീസ് ചെയ്തു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കൊച്ചിന് ഷിപ്പ്യാർഡ്. 2009 ലാണ് കപ്പലിന്റെ നിർമ്മാണം കൊച്ചിയിൽ ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ ഐഎൻഎസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവിക സേനയുടെ ഭാഗമാവും.
Story Highlights: Salman khan spends time with indian navy