“ഖൽബിലെ ഹൂറി..”; ഉണ്ണി മുകുന്ദൻ ആലപിച്ച ഷെഫീക്കിന്റെ സന്തോഷത്തിലെ ഗാനം റിലീസ് ചെയ്‌തു

August 12, 2022

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം.’ നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസിനൊരുങ്ങുകയാണ് എന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “മനോഹരമായ ശബ്‌ദം”, “ഈ പാട്ടിൽ ഉണ്ണി ജീവിക്കുകയായിരുന്നു” തുടങ്ങി വലിയ പ്രശംസയാണ് ഉണ്ണി മുകുന്ദന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാനാണ് സം​ഗീതം കൈകാര്യം ചെയ്യുന്നത്. എൽദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Read More: ദളപതിക്കൊപ്പം ആക്ഷൻ കിംഗ്; ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയിക്കൊപ്പം അർജുനെത്തുന്നു

അതേ സമയം മേപ്പടിയാനാണ് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ആദ്യ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രമായിരുന്നു താരം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘മേപ്പടിയാൻ.’ നവാഗതനായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ചിത്രം 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്.

Story Highlights: Unni mukundan song gets appreciation