“ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നത്, ഒപ്പം അഭിമാനവും..”; ആരാധകരെ പറ്റി സഞ്‌ജു സാംസൺ

August 23, 2022

വലിയ ആരാധക പിന്തുണയുള്ള ക്രിക്കറ്റ് താരമാണ് സഞ്‌ജു സാംസൺ. ഇന്ത്യൻ ടീമിലെ പല താരങ്ങളെയും അതിശയിപ്പിക്കുന്നതാണ് സഞ്‌ജുവിനുള്ള ആരാധക പിന്തുണ. ആരാധകരിൽ വലിയൊരു ശതമാനവും മലയാളികളാണെങ്കിലും മറ്റ് രാജ്യങ്ങളിൽ വരെ താരത്തിന് ആരാധകരുണ്ട്.

ഇപ്പോൾ തനിക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്‌നേഹത്തെ പറ്റിയും പിന്തുണയെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് സഞ്‌ജു. ഒപ്പം ഒരു ക്രിക്കറ്റർ എന്ന നിലയിൽ തനിക്ക് വന്ന മാറ്റങ്ങളെ പറ്റിയും താരം വാചാലനായി. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനം തന്നിൽ വ്യത്യസ്ത ചിന്താഗതി വരുത്തിയെന്ന് പറയുകയാണ് സഞ്‌ജു. നേരത്തെ തൻ്റെ ബാറ്റിംഗിനെക്കുറിച്ച് മാത്രമാണ് താൻ ചിന്തിച്ചിരുന്നതെന്നും ഇപ്പോൾ ടീമിലെ മറ്റുള്ളവരെക്കുറിച്ച് കൂടി ചിന്തിക്കുന്നുണ്ട് എന്നും സഞ്‌ജു കൂട്ടിച്ചേർത്തു.

“ക്രിക്കറ്റിനോടുള്ള എൻ്റെ വീക്ഷണം മാറ്റിയത് ഐപിഎലാണ്. നേരത്തെ എൻ്റെ ബാറ്റിംഗിനെപ്പറ്റിയും എൻ്റെ ഗെയിമിനെപ്പറ്റിയുമാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റൻസി വളരെ വ്യത്യസ്തമായ ഒരു ചിന്താഗതി എനിക്ക് സമ്മാനിച്ചു. ഞാൻ ഇപ്പോൾ മറ്റുള്ളവരുടെ ഗെയിമിനെപ്പറ്റിയും ചിന്തിക്കുന്നുണ്ട്. ദേശീയ ടീമിൽ സ്ഥിരമായി സ്ഥാനം ലഭിക്കാത്തത് വിഷമമുണ്ടാക്കും. പക്ഷേ പോസിറ്റീവായി തുടരുകയാണ്.

ഞാൻ ഒരു വിശ്വാസിയാണ്. കരിയറിൽ എന്ത് സംഭവിച്ചാലും അതിനെ പോസിറ്റീവായി എടുക്കണം. സുഹൃത്തുക്കൾ ക്രിക്കറ്റ് കളിക്കുമ്പോൾ പുറത്തിരിക്കുന്നത് വിഷമകരമാണ്. ഇന്ത്യക്കായി വളരെ കുറച്ച് കളിച്ചിട്ടും ഇത്രയധികം ആരാധക പിന്തുണയുള്ളത് അത്ഭുതപ്പെടുത്തുന്നു. കളി കാണാൻ വരുന്നവരിൽ ഒരുപാട് മലയാളികളുണ്ടെന്ന് തോന്നുന്നു. അവർ ‘ചേട്ടാ ചേട്ടാ’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അഭിമാനമാണ്.”- സഞ്‌ജു പറഞ്ഞു.

Read More: സഞ്‌ജുവിന്റെ വിജയം കൈയടിച്ച് ആഘോഷിച്ച് കുഞ്ഞ് ആരാധകർ; വിഡിയോ വൈറൽ

Story Highlights: Sanju samson about his fan support