ത്രിവർണ നിറങ്ങൾ കുപ്പിക്കുള്ളിൽ; വ്യത്യസ്തമായ കലാവിരുതുമായി ശ്രദ്ധ നേടി കലാകാരൻ-വിഡിയോ
നാളെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഈ വേളയിൽ ഒരു കലാകാരന്റെ കലാവിരുതാണ് ശ്രദ്ധേയമാവുന്നത്. നമ്മുടെ ദേശീയ പതാകയുടെ ത്രിവർണ നിറം ഒരു കുപ്പിക്കുള്ളിലേക്ക് നിറം പകരുന്നതിന്റെ ഫോട്ടോയും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ എസ്.ആര് അനൂപ് എന്ന കലാകാരനാണ് ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അനൂപ്. ത്രിവര്‍ണ നിറങ്ങള്‍ കുപ്പിക്കുള്ളിലെ ജലവുമായി കലരുമ്പോഴുണ്ടാകുന്ന മനോഹാരിത കൃത്യസമയത്ത് ഒപ്പിയെടുത്ത് ഫ്രെയിമിലാക്കുകയാണ് അനൂപ്. അക്രിലിക് പെയിന്റ് കുപ്പിയിലെ വെള്ളത്തിലേക്ക് സിറിഞ്ചിലൂടെ ഇന്‍ജെസ്റ്റ് ചെയ്താണ് ഈ ചിത്രം അനൂപ് ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്തത്.
സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കാൻ നിരവധി പരിപാടികൾ നേരത്തെയും ആവിഷ്ക്കരിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയരുവാൻ വേണ്ടി 50 ലക്ഷം പതാകകൾ നിർമ്മിക്കാനുള്ള പ്രയത്നത്തിലായിരുന്നു കുടുംബശ്രീ പ്രവർത്തകർ.
കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനുകീഴിലെ ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകൾ ചേർന്നാണ് പതാക നിർമിക്കുന്നത്. മുന്നൂറ്റമ്പതോളം പേരാണ് തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്. ആവശ്യമായ പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ നൽകിയിരുന്നു.
Story Highlights: Special bottle art for independence day