“രാഗഹേമന്ത സന്ധ്യ പൂക്കുന്ന..”; പാടിയ എം.ജി ശ്രീകുമാറിനെ പോലും അത്ഭുതപ്പെടുത്തിയ ശ്രീനന്ദിന്റെ ആലാപന വിസ്മയം
മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.
ഇപ്പോൾ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ വിധികർത്താവ് കൂടിയായ എം.ജി.ശ്രീകുമാറിന്റെ അതിമനോഹരമായ ഒരു ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ശ്രീനന്ദ്. ‘കിന്നരിപ്പുഴയോരം’ എന്ന ചിത്രത്തിലെ “രാഗഹേമന്ത സന്ധ്യ പൂക്കുന്ന..” എന്ന ഗാനമാണ് ശ്രീനന്ദ് വേദിയിൽ ആലപിച്ചത്. എം.ജി. ശ്രീകുമാറിന്റെ സഹോദരൻ കൂടിയായ എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മാങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
പാടിയ എം.ജി. ശ്രീകുമാറിനെ പോലും അത്ഭുതപ്പെടുത്തിയാണ് ശ്രീനന്ദ് വേദിയിൽ ഈ ഗാനം ആലപിച്ചത്. ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും മികച്ച ഗായകരിലൊരാളാണ് ശ്രീനന്ദ്. തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുകയാണ് ഈ കൊച്ചു ഗായകൻ. മത്സരം കൂടുതൽ വാശിയേറിയതായി മാറിക്കൊണ്ടിരിക്കുന്ന ക്വാർട്ടർ ഫൈനലിലും ശ്രീനന്ദിന്റെ ആലാപന മികവ് നാൾക്കുനാൾ മെച്ചപ്പെട്ടുവരുകയാണ് എന്നാണ് വിധികർത്താക്കളും പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത്.
അതേ സമയം സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.
Story Highlights: Sreenand impresses m.g.sreekumar singing his song