“പാട്ടിൻറെ കൈലാസത്തിലേറി ശ്രീനന്ദ്..”; അപൂർവ്വമായി സംഭവിക്കുന്ന സംഗീത വിസ്‌മയത്തിന് സാക്ഷിയായി പാട്ടുവേദി
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ശ്രീനന്ദ്. വലിയ കൈയടിയും പ്രശംസയുമാണ് കൊച്ചു ഗായകന് ജഡ്‌ജസ് നൽകുന്നത്. പാട്ടിന്റെ കൈലാസത്തിലേറ്റിയ പ്രകടനമാണ് ശ്രീനന്ദ് കാഴ്ച്ചവെച്ചതെന്നാണ് എം.ജയചന്ദ്രൻ അഭിപ്രായപ്പെട്ടത്. വളരെ അപൂർവ്വമായി സംഭവിക്കുന്ന സംഗീത വിസ്‌മയത്തിനാണ് വേദി സാക്ഷിയായത്.
വേദിയിലെ വിധികർത്താവ് കൂടിയായ എം.ജി.ശ്രീകുമാറിന്റെ അതിമനോഹരമായ ഒരു ഗാനവുമായിട്ടാണ് ശ്രീനന്ദ് വേദിയിലെത്തിയത്. ‘കിന്നരിപ്പുഴയോരം’ എന്ന ചിത്രത്തിലെ “രാഗഹേമന്ത സന്ധ്യ പൂക്കുന്ന..” എന്ന ഗാനമാണ് ശ്രീനന്ദ് വേദിയിൽ ആലപിച്ചത്. എം.ജി. ശ്രീകുമാറിന്റെ സഹോദരൻ കൂടിയായ എം.ജി.രാധാകൃഷ്‌ണൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മാങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ്.
പാടിയ എം.ജി. ശ്രീകുമാറിനെ പോലും അത്ഭുതപ്പെടുത്തിയാണ് ശ്രീനന്ദ് വേദിയിൽ ഈ ഗാനം ആലപിച്ചത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും മികച്ച ഗായകരിലൊരാളാണ് ശ്രീനന്ദ്. തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുകയാണ് ഈ കൊച്ചു ഗായകൻ. മത്സരം കൂടുതൽ വാശിയേറിയതായി മാറിക്കൊണ്ടിരിക്കുന്ന ക്വാർട്ടർ ഫൈനലിലും ശ്രീനന്ദിന്റെ ആലാപന മികവ് നാൾക്കുനാൾ മെച്ചപ്പെട്ടുവരുകയാണ് എന്നാണ് വിധികർത്താക്കളും പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത്.
തുടക്കം മുതൽ മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.
Story Highlights: Sreenand receives huge appreciation for his song