“ഒരു ജാതിക്കാ തോട്ടം..”; പാട്ടുവേദിയിൽ തന്റെ ഹിറ്റ് ഗാനം ആലപിച്ച് കൈയടി വാങ്ങി പ്രേക്ഷകരുടെ പ്രിയ നടി അനശ്വര രാജൻ

August 14, 2022

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ യുവ നടിയാണ് അനശ്വര രാജൻ. അതിന് മുൻപും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് താരം ശ്രദ്ധേയയാവുന്നത്. ഇപ്പോൾ പാട്ടുവേദയിലെ അതിഥിയായി എത്തിയിരിക്കുകയാണ് അനശ്വര.

അനശ്വരയുടെ മികച്ച പ്രകടനങ്ങളെ പറ്റിയാണ് വിധികർത്താക്കൾ സംസാരിച്ചത്. ഏറ്റവും പുതിയ ചിത്രമായ സൂപ്പർ ശരണ്യയിലടക്കം ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു സൂപ്പർ ശരണ്യ.

അതിനിടയിലാണ് എം.ജി.ശ്രീകുമാർ അനശ്വര നന്നായി പാടാറുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് പറയുന്നത്. മറ്റ് ജഡ്‌ജസും ഇതോടെ അനശ്വരയെ പാടാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അനശ്വര തണ്ണീർമത്തൻ ദിനങ്ങളിലെ ഹിറ്റ് ഗാനമായ “ഒരു ജാതിക്കാ തോട്ടം..” എന്ന ഗാനം ആലപിച്ചത്. വലിയ കൈയടികളോടെയാണ് വേദി അനശ്വരയുടെ ആലാപനത്തെ സ്വീകരിച്ചത്.

അതേ സമയം മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. വാശിയേറിയ കടുത്ത മത്സരങ്ങളാണ് ഇപ്പോൾ പാട്ടുവേദിയിൽ നടന്ന് കൊണ്ടിരിക്കുന്നത്. കുഞ്ഞു ഗായകർ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ഇപ്പോൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.

Read More: “മൗനം പോലും മധുരം..”; വീണ്ടും ജാനകിയമ്മയുടെ ഗാനവുമായി വേദിയിൽ ശ്രുതിമധുരം നിറച്ച് ഹനൂന

കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും അതിഥികളായി എത്തി വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.

Story Highlights: Anaswara rajan sings jathikkathottam song