“സിനിമ എന്ന ലക്ഷ്യം നാളെ പൂവണിയുന്നു, കാത്തിരുന്നത് 6 വർഷങ്ങൾ..”; തല്ലുമാലയിൽ അഭിനയിച്ച ഡോക്‌ടറുടെ വിഡിയോ വൈറലാവുന്നു

August 11, 2022

സിനിമയിലെത്താൻ അതിയായ ആഗ്രഹം പേറി നടക്കുന്ന ഒട്ടേറെ ആളുകളുണ്ട്. കുട്ടിക്കാലം മുതൽ സിനിമ എന്ന സ്വപ്‌നം ഉള്ളിൽ കൊണ്ട് നടക്കുന്ന ഊണിലും ഉറക്കത്തിലും സിനിമ മാത്രം ശ്വസിച്ച് ജീവിക്കുന്ന മനുഷ്യർ. എന്നെങ്കിലും ഒരിക്കൽ വെള്ളിത്തിരയിൽ തങ്ങളുടെ മുഖം കാണാൻ ആഗ്രഹിക്കുന്ന തങ്ങളുടെ പേര് ബിഗ് സ്‌ക്രീനിൽ തെളിയുന്നത് കാണാൻ കാത്തിരിക്കുന്ന സിനിമ മോഹികൾ. നഷ്‌ടങ്ങളും വേദനകളും ഉള്ളിലൊതുക്കി തങ്ങളുടെ ആഗ്രഹത്തിനായി ഉറക്കമില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം സിനിമ മോഹികൾ നമുക്ക് ചുറ്റുമുണ്ട്. ഒരു വെള്ളിയാഴ്ച്ച തങ്ങളുടെ ഭാഗ്യം തെളിയുമെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആളുകൾ.

അത്തരത്തിലൊരു സിനിമ മോഹിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ശ്രദ്ധേയനായ ആക്ടർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോക്ടർ ബാഷിദ് ബഷീറിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നാളെ റിലീസ് ചെയ്യുന്ന തല്ലുമാലയിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെയും ഒപ്പം വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നാളെ തന്നെ വെള്ളിത്തിരയിൽ കാണാൻ പോകുന്നതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടാണ് ബാഷിദ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്‌തത്‌.

“ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല,സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ്. നിങ്ങളെ ഒന്ന് ബിഗ് സ്ക്രീനിൽ കാണണം, നിങ്ങൾ എന്തായാലും സിനിമയിൽ വരും, ഇങ്ങനെ ഒരുപാട് ഒരുപാട് കമന്റുകൾ വർഷങ്ങളോളം ഞാൻ കാണുന്നുണ്ട്, അവർക്കും എനിക്കും സന്തോഷിക്കാനുള്ള അവസരം തന്നെയാണ് ഇത്. എന്നെ ഈ നിമിഷം വരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത എല്ലാവർക്കും ഈയവസരത്തിൽ നന്ദി പറയുന്നു.” വിഡിയോയ്‌ക്കൊപ്പം ബാഷിദ് കുറിച്ചു.

Read More: വൻ ജനത്തിരക്ക് കാരണം പ്രൊമോഷൻ നടത്താതെ മടങ്ങി തല്ലുമാല ടീം; സ്നേഹത്തിന് ലൈവിൽ നന്ദി പറഞ്ഞ് ടൊവിനോ

അതേ സമയം നാളെയാണ് ‘തല്ലുമാല’ തിയേറ്ററുകളിലെത്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ചിത്രത്തിനുള്ളതെന്നാണ് നേരത്തെ റിലീസ് ചെയ്‌ത ട്രെയ്‌ലറും പാട്ടുകളുമൊക്കെ സൂചിപ്പിക്കുന്നത്.

Story Highlights: Thallumala actor video goes viral