മണവാളൻ തഗ്; തല്ലുമാലയിലെ പ്രോമോ സോങ് റിലീസ് ചെയ്‌തു-വിഡിയോ

August 10, 2022

ഓഗസ്റ്റ് 12 നാണ് ഖാലിദ് റഹ്മാന്റെ തല്ലുമാല തിയേറ്ററുകളിലെത്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ചിത്രത്തിനുള്ളതെന്നാണ് നേരത്തെ റിലീസ് ചെയ്‌ത ട്രെയ്‌ലറും പാട്ടുകളുമൊക്കെ സൂചിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തു വന്നിരിക്കുകയാണ്. ‘മണവാളൻ തഗ്’ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. ദബ്സിയും സാ യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് വിഷ്‌ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.

മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് നേരത്തെ റിലീസ് ചെയ്‌ത ട്രെയ്‌ലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്‌ളോഗറായ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും ട്രെയ്‌ലറിൽ ചിരി പടർത്തുന്നുണ്ട്.

Read More: വീണ്ടും മണവാളൻ; സലിം കുമാറിന്റെ രസകരമായ കോമഡി സ്കെച്ച് വിഡിയോയുമായി നെറ്റ്ഫ്ലിക്സ്

ടൊവിനോയ്ക്കും കല്യാണിക്കുമൊപ്പം ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാൽ ലവ് സ്റ്റോറി അടക്കമുള്ള ചിത്രങ്ങളുടെ രചയിതാവ് മുഹ്‌സിൻ പരാരിയും തമാശ, ഭീമന്റെ വഴി അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകൻ അഷ്‌റഫ് ഹംസയും ചേർന്നാണ് തല്ലുമാലയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്.

Story Highlights: Thallumala new promo song released