വീടിന് മുൻപിൽ ഭീമാകാരമായ കുഴികൾ, പുറത്തിറങ്ങാൻ ഭയന്ന് തുർക്കിയിലെ ഗ്രാമവാസികൾ

August 15, 2022

പെട്ടെന്ന് ഒരു ദിവസം വീട്ടുമുറ്റത്തും വഴികളിലുമെല്ലാം ഭീമാകാരമായ കുഴികൾ ഉണ്ടായത് കണ്ട് ഞെട്ടിയിരിക്കുകയാണ് തുർക്കിയിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ. തുർക്കിയിലെ കോന്യാ ബേസിൻ മേഖലയിലെ ഒരു ഗ്രാമത്തിലാണ് കുഴികൾ ഉണ്ടായിരിക്കുന്നത്.

തുർക്കിയിലെ കാർഷിക മേഖലയുടെ ഹൃദയമായാണ് കോന്യാ മേഖല അറിയപ്പെടുന്നത്. ഇവിടെയാണ് വലിയ കുഴികൾ രൂപപ്പെട്ടത്. നിരവധി കർഷകരാണ് സംഭവത്തെ പറ്റി ദൃക്‌സാക്ഷി വിവരങ്ങൾ നൽകിയിരിക്കുന്നത്. മുസ്തഫ അകാർ എന്ന കർഷകനാണ് ഈ കുഴികൾ ആദ്യമായി കണ്ടവരിലൊരാൾ. ഒരു ദിവസം കൃഷിയിടത്തിന് അടുത്തായി താൻ ചെന്നപ്പോൾ കണ്ടത് ഏഴ് മീറ്ററോളം വ്യാസവും ആഴവുമുള്ള ഒരു വലിയ കുഴിയാണെന്നാണ് അദ്ദേഹം പറയുന്നത്.

പല കർഷകർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായി. ഇതോടെ ഇവരിൽ പലരും രാത്രികാലങ്ങളിൽ ഇറങ്ങി നടക്കുന്നത് ഒഴിവാക്കി തുടങ്ങി. ഗർത്തങ്ങൾ രൂപപ്പെടുന്നതിനെ തുടർന്ന് ഇവിടെ വലിയ കൃഷിനാശം സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

2500 കുഴികളോളം ഇവിടെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതിൽ 700 കുഴികളെങ്കിലും വളരെ ആഴമുള്ളതാണ്. മുസ്തഫയുടെ അഭിപ്രായത്തിൽ അവ മെഷീൻ വച്ച് കുഴിച്ചത് പോലെ തോന്നിപ്പിക്കും എന്നാണ് പറയുന്നത്. ചിലതെല്ലാം വളരെ ആഴമുള്ളതും താഴെ വെളിച്ചമെത്താതുമാണ്.. ആളുകൾ ഭയന്നാണ് കഴിയുന്നത്. ചെറുപ്പക്കാരെല്ലാം കൃഷിയല്ലാതെ വേറെ തൊഴിലന്വേഷിച്ച് ന​ഗരങ്ങളിലേക്ക് പോവുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

Read More: “കമൽ ഹാസൻ അങ്കിള് കാണണേ..”; കമൽ ഹാസന്റെ ‘പത്തലെ’ ഗാനം ഒറ്റയ്ക്ക് പാടി വിസ്‌മയിപ്പിച്ച് കുഞ്ഞു ഗായകൻ- വൈറൽ വിഡിയോ

സിങ്ക്ഹോളുകൾ എന്നറിയപ്പെടുന്ന കുഴികളാണിത്. കാർഷികാവശ്യത്തിന് വേണ്ടി ഒരുപാട് വെള്ളമെടുക്കുന്നതാവാം ഈ കുഴികൾ ഉണ്ടാവുന്നതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ഒരു ലക്ഷത്തോളം കുഴൽ കിണറുകൾ ഇവിടെയുണ്ട്.

Story Highlights: Thousands of sinkholes in a turkish village